'അവളെ ജീവനോടെ കൊന്നുവെന്ന് ഓർക്കുമ്പോൾ...' വത്സല(ഭാഗം 12)

By: 600009 On: Nov 22, 2021, 5:18 PM

Story Written By, Abraham George, Chicago.

അബു പറഞ്ഞു:

"നിങ്ങൾ ജാസ്മിനെ കാണണം. ഞാൻ വരുന്നതുവരെ കാത്തിരിക്കാൻ പറയണം, അവിവേകമൊന്നും കാണിക്കരുതെന്ന് തീർത്ത് പറയണം. ഞാൻ മാധവനെ വിളിക്കുന്നുണ്ട്, അവനോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞോളാം.''

അബു മാധവനെ പലകുറി വിളിച്ചിട്ടും കിട്ടിയില്ല. ജാസ്മിനെ വിളിച്ചു സംസാരിച്ചു, "നീ കാത്തിരിക്കണം, ഞാൻ നാട്ടിൽ വന്നാൽ എല്ലാം ശരിയാക്കാം. നീ വിഷമിക്കരുത്,കടുത്ത തീരുമാനമൊന്നും എടുക്കരുത്."

ജാസ്മിൻ പറഞ്ഞു: "ഇക്ക വന്നാലൊന്നും ഇവിടത്തെ കാര്യങ്ങൾ ശരിയാകാൻ പോകുന്നില്ല. ബാപ്പയും ഉമ്മയും ഒരുതരി സ്നേഹം എന്നോട് കാണിക്കണില്ല. മാധവനെ കൊന്ന്,  ജയിലിൽ പോകുമെന്നാണ് ബാപ്പയുടെ ഭാഷ്യം. അതിനും മടിക്കാത്ത സ്വഭാവമാണ് ബാപ്പയുടേത്. സ്നേഹത്തിൻ്റെ വിലയെന്തെന്നറിയാത്ത കാണ്ടാമൃഗത്തിൻ്റെ സ്വഭാവമാണ് ബാപ്പയുടെത്. മാധവനെയെന്തെങ്കിലും ചെയ്താൽ ഞാനും മരിക്കും തീർച്ച. അന്ന് വത്സലച്ചേച്ചി രക്ഷതേടി ഇവിടെ ഓടിവന്നപ്പോൾ ബാപ്പ അകത്ത് കയറ്റിയിരുന്നെങ്കിൽ അവർ മരിക്കുമായിരുന്നോ? ചേച്ചിയെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് എല്ലാവരും കണ്ടതല്ലേ? അപ്പോൾ മാനുഷികസ്നേഹമൊക്കെ എവിടെപ്പോയി. എന്തിനാണ് ഇവരൊക്കെ  നിസ്ക്കരിക്കണത്. നിസ്ക്കാരതഴമ്പ് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനോ, അഞ്ചു പ്രാവശ്യം നിസ്ക്കരിച്ചതുകൊണ്ടൊന്നും ദൈവാനുഗ്രഹം കിട്ടില്ല. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം. ഞാൻ ഇക്കയെ പഠിപ്പിക്കുകയല്ല, ഇക്കായ്ക്ക് എല്ലാം അറിയാമെന്നും എനിക്കറിയാം. അപ്പോൾ പറയണത് മതവിദ്വേഷം ആളികത്തുമെന്ന്. ഒരാളെ രക്ഷിച്ചാൽ മതങ്ങളെല്ലാം കൂടി തീയിട്ട് നശിപ്പിക്കുമെന്നാണോ പറയണത്? അതൊക്കെ ബാപ്പയുടെ വെറും തോന്നലാണ്. ഇഷ്ടപ്പെട്ട ഒരാൾക്ക് ജീവിതം കൊടുക്കുന്നത്, ഏതു മതമാണ് തെറ്റുപറയണത്. അങ്ങനെയുള്ള മതം എനിക്ക് വേണ്ട."

അവളുടെ കടുത്ത സ്വരം കേട്ട് അബു ഒന്ന് അമ്പരന്നു. ജാസ്മിൻ തന്നെയാണോ ഈ സംസാരിക്കണതെന്ന് തോന്നി. അവളുടെ ധൈര്യം വല്ലാത്തതു തന്നെ. ഈ ആത്മധൈര്യമന്ന് ഞാൻ കാട്ടിയിരുന്നെങ്കിൽ വത്സല ഇന്നെൻ്റെ കൂടെ ജീവിച്ചിരുന്നേനെ. ഫോൺ കട്ട് ചെയ്ത്, അബു കുറച്ചുനേരം ആലോചിച്ചിരുന്നു. ഈ സമയത്ത് ഖാദറിക്കയോട് എന്താ പറയേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. ഖാദറിക്ക പലകുറി വന്ന് അഭിപ്രായം ചോദിച്ചു. പറയാം:

"നമ്മൾ നാട്ടിലേക്ക് പോകുന്നതിനു മുമ്പ് പറഞ്ഞാൽ പോരേയെന്ന് അബു ചോദിച്ചു."

"നിൻ്റെ ഇഷ്ടം പോലെ ചെയ്യ്, " ഖാദറിക്ക നിസ്സാരമട്ടിൽ പറഞ്ഞു.

"എല്ലാം ശരിയാകും ഇക്കാ, വീട്ടിൽ കുറച്ച് പ്രശ്നങ്ങളുണ്ട്, അതൊന്ന് ഒതുങ്ങിയിട്ട് പോരെ."

"നിൻ്റെ കുടുംബത്തിൽ എന്താ പ്രശ്നം," ഇക്ക കുത്തികുത്തി ചോദിച്ചു?

"സമയമാകുമ്പോൾ ഞാനെല്ലാം പറയാം," അബു പറഞ്ഞു. അബു ബാപ്പയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു

"പഴയകാലമല്ല, ജാസ്മിനെ തല്ലിയതുകൊണ്ടോ, കൊന്നതുകൊണ്ടോ പ്രശ്നം തീരുന്നില്ല, അവളുടെ ആഗ്രഹം നടത്തി കൊടുക്കാനുള്ള വഴി ആലോചിക്ക്."

അതിനുത്തരമായി ബാപ്പ പറഞ്ഞത് കേട്ട് ചെവി കാളിപ്പോയി. "എൻ്റെ കൊക്കിന് ജീവനുള്ളകാലം വരെ ഈ വിവാഹം നടക്കില്ല. അവളെ പഠിക്കാൻ കോളെജിലെക്ക് വിട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ്, വേണ്ട, പെണ്ണുങ്ങൾ അധികം പഠിക്കണ്ടായെന്ന്. ഇപ്പോൾ അനുഭവിക്ക്. അവള് പെരക്കകത്ത് മൂത്ത് നരച്ചിരുന്നാലും ഞാനിത് സമ്മതിക്കില്ല."

ബാപ്പയോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലായെന്ന് മനസ്സിലായി. പോത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ടെന്താ കാര്യം. ഫോൺ കട്ട് ചെയ്ത് ആലോചനയിലിരുന്നു. അബുദാബിയിലിരുന്ന് ഞാനെന്ത് ചെയ്യാനാ, വരുന്നത്, വരുന്നോടത്ത് വെച്ച് കാണാമെന്ന തീരുമാനത്തിലെത്തി. എന്തായാലും ഖാദറിക്കയോട് കാര്യങ്ങൾ പറയണം, കുടുംബത്തിൻ്റെ അവസ്ഥയിതാണന്ന് ധരിപ്പിക്കണം, അല്ലാതെ മറ്റൊരു വഴിയുമില്ല. തകർന്ന് തരിപ്പണമായ പ്രണയകഥയാണെൻ്റെത്. വത്സലയെ എല്ലാവരും കൂടി കൊന്നു. അതിൽ എനിക്കും ഒരു പങ്കില്ലേയെന്ന് അബു ആലോചിച്ചു. ഓർമ്മിക്കുമ്പോൾ നെഞ്ച് നീറുകയാണ്. വത്സല, എൻ്റെ മാത്രമായിരുന്നു, എനിക്കു വേണ്ടി മാത്രമാണ് അവൾ മരിക്കേണ്ടി വന്നത്. ജാസ്മിൻ, എൻ്റെ പെങ്ങൾ പറയണ ധൈര്യമെങ്കിലും കാട്ടിയിരുന്നെങ്കിലെന്ന് ചിന്തിച്ചു. ഒരു പെണ്ണിൻ്റെ ധൈര്യം പോലും എനിക്കില്ലാതായല്ലോയെന്ന് ഓർക്കുമ്പോൾ പൊട്ടിക്കരയാനാണ് തോന്നുന്നത്.

ഞാൻ ഖദീജയെ വിവാഹം കഴിച്ചാൽ ശരിയാകുമോയെന്ന സംശയം മനസ്സിലുണർന്നു. എൻ്റെ ഹൃദയത്തിലെവിടെയൊക്കെയോ  വത്സലയുണ്ട്. അവൾ മരിച്ചു പോയിയെന്ന് വിശ്വസിക്കാനാവുന്നില്ല. അവൾ ഇല്ലായെന്ന സത്യം എനിക്കറിയാം, എന്നാലെൻ്റെ മനസ്സ് അത് സമ്മതിക്കുന്നില്ല. അവളെ ജീവനോടെ കൊന്നുവെന്ന് ഓർക്കുമ്പോൾ ഹൃദയം വേദനിക്കുകയാണ്. മരണം വരെയെൻ്റെ കൂടെ ജീവിക്കേണ്ടവളാണ് അപമൃത്യു വരിച്ചത്. എന്തിനായി ഈ ക്രൂരകൃത്യം നടത്തിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇഷ്ടപ്പെട്ടവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാത്തതെന്തു തത്ത്വമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പരസ്പരം സ്നേഹിക്കുന്നവർ ഒന്നിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കയല്ലേ വേണ്ടത്. അതിന് മതപ്രമാണങ്ങൾ നോക്കെണ്ട ആവശ്യമുണ്ടോ? അതാണ് എനിക്ക് മനസ്സിലാകാത്തത്. ഇപ്പോൾ തലപൊക്കി വന്നിരിക്കുന്ന എൻ്റെ സഹോദരി ജാസ്മിൻ്റെ പ്രശ്നവും ഗുരുതരമാകും. എൻ്റെ കുടുംബവും മാധവൻ്റെ കുടുംബവും നേർക്കുനേർ നിന്ന് കലഹിക്കും, അത് ഉറപ്പാണ്. ഇതിനിടയിലാണ് ഖാദറിക്ക എൻ്റെ വിവാഹമെന്ന പ്രശ്നമുമായി ധൃതികൂട്ടുന്നത്. കുടുംബത്തിൽ എന്തൊക്കെ നടക്കുമെന്ന് ഒരു നിശ്ചയവുമില്ല.

-------------തുടരും------------