ബംഗ്ലാദേശ് കുറിപ്പുകൾ രഞ്ജിത് ഫിലിപ്പിന്റെ 'വടക്കു കിഴക്കൻ അതിർത്തികളിലൂടെ ഒരു യാത്ര " എന്ന സഞ്ചാരിയിൽ വന്ന കുറിപ്പുകളായിരുന്നു എന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രക്ക് ഏറെ ഉപകരിച്ചത്. അത് കൊണ്ട് ഈ പുസ്തകം വാങ്ങിയപ്പോൾ നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പുണ്ടായിരുന്നു.
ബംഗാളുമായി ഒന്നായി കിടന്നു, മതത്തിന്റെ പേരിൽ അടർത്തിമാറ്റപ്പെട്ട ബംഗ്ലാദേശ്. മതസ്വത്വത്തെ തള്ളി പറഞ്ഞു ബംഗാൾ ഭാഷയെ ചേർത്ത് പിടിച്ച ജനത. അധികം യാത്രികർ തേടി പോകാത്ത ഒരു ദേശമാണ് ഈ വംഗ ദേശം. അവിടെ ഒറ്റക്ക് , പൊതുഗതാഗതം ഉപയോഗിച്ച് നടത്തിയ സാധാരണ മനുഷ്യന്റെ അസാധാരണ യാത്ര. മാനസികവും ശാരീരികവുമായ സുഖങ്ങളും ആഹ്ളാദങ്ങളും തേടി യാത്ര ചെയ്യുന്നവരാണ് സഞ്ചാരികളെന്ന പൊതുധാരണയെ പൊളിച്ചടുക്കിയ സഞ്ചാരപഥം.
ബംഗ്ലാദേശ് രാജ്യത്തിന്റെ തുടിപ്പുകൾ നെഞ്ചിലേറ്റിയ ലേഖകനും എഴുത്തും. ലേഖകന്റെ ഇടതു രാഷ്ട്രീയം എഴുത്തിൽ കടന്നു കൂടിയെങ്കിലും , ബംഗ്ലാദേശിലെ ജീവിതവും , സമൂഹവും, റോഹിൻഗ്യൻ അഭയാർഥികളുടെ കണ്ണുനീരും , നിഷ്കളങ്കരായ മനുഷ്യരുടെ സ്നേഹവുമെല്ലാം ഈ രാജ്യം കാണാനുള്ള ആഗ്രഹം നമ്മളിൽ ഉളവാക്കും. ഈ പുസ്തകം വായിച്ച ശേഷം എന്റെ ബക്കറ്റിൽ രണ്ടു കാര്യങ്ങൾ ചേർത്തു - സദർഘാട് തുറമുഖവും , "റോക്കറ്റി"ലൂടെയുള്ള യാത്രയും.
പ്രസാധകർ : പെൻഡുലം ബുക്ക്സ്
വില : 150 rs
പേജ് : 132