ചാരിറ്റിക്കായി ബിസിയിലെ ഡൗണ്‍ സിന്‍ഡ്രോം ബാധിതന്‍ ഓടിയത് 160 കിലോമീറ്റര്‍

By: 600007 On: Nov 22, 2021, 9:20 AM

മരിച്ചുപോയ സുഹൃത്തിനോടുള്ള ആദരസൂചകമായി ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ യുവാവ് ചാരിറ്റിപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താന്‍ ഓടിയത് 160 കിലോമീറ്റര്‍. ബി.സിയിലെ സറേയില്‍ നിന്നുള്ള ജോഷ് സ്ലോണ്‍ എന്ന  27കാരനാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് മാസം കൊണ്ട് 160 കിലോമീറ്റര്‍ ഓടി പൂര്‍ത്തിയാക്കിയത്.

കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിക്കായി 20,000 ഡോളര്‍ സമാഹരിക്കുക എന്നതായിരുന്നു ജോഷിന്റെ ലക്ഷ്യം. ആഴ്ചയില്‍ 20 കിലോമീറ്ററായിരുന്നു ഓടിയിരുന്നത്. സെപ്തംബറിലാണ് ജോഷ്  ചാരിറ്റി ഓട്ടത്തിന് തുടക്കം കുറിച്ചത്.

സറേയിലെ സൈമണ്‍ കണ്ണിംഗ്ഹാം എലിമെന്ററി സ്‌കൂളിലെ  ജോഷിന്റെ  മുന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപകനായിരുന്നു കോവാക്സ്. അധ്യാപകനുമായി നല്ല സൗഹൃദത്തിലായിരുന്നു  ജോഷ്. ക്യാന്‍സര്‍ ബാധിതനായാണ് ആറ് വര്‍ഷം മുമ്പ് കോവാക്‌സ് മരിച്ചത്.