കാനഡയിലെ ഏറ്റവും പൊതുവായി ഉപയോഗിക്കുന്ന 200 പാസ്‌വേര്‍ഡുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സൈബര്‍ സെക്യൂരിറ്റി കമ്പനി നോര്‍ഡ്പാസ്. എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന പാസ്‌വേഡുകള്‍ നിരവധി കനേഡിയന്മാര്‍ ഉപയോഗിക്കുന്നതായും നോര്‍ഡ്പാസ് വ്യക്തമാക്കുന്നു.
Password, qwerty,abc123 എന്നിവയും 12345 പല തരത്തിലുമായി ഉപയോഗിക്കുന്നതുമാണ് പട്ടികയിലുള്ള ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍. കാനഡയില്‍ മാത്രമല്ല ലോകം മുഴുവനും പല രാജ്യങ്ങളിലും ഇതേ പാസ്‌വേഡുകള്‍ പൊതുവായി ഉപയോഗിച്ചുവരുന്നതായും നോര്‍ഡ്പാസ് ചൂണ്ടിക്കാട്ടുന്നു. 123456,password,123456789,12345,12345678,qwerty, abc123, tiffany, password1, testing, hockey1234567, iloveyou, 1234, canada, 1234567890, 111111, sunshine, 123123, dragon എന്നിവയാണ് കാനഡയിൽ പൊതുവായി ഉപയോഗിക്കുന്ന 20 പാസ്സ്‌വേഡുകൾ എന്നാണ് കണ്ടെത്തൽ.
അതേസമയം കാനഡയില്‍ രാജ്യത്തിന്റെ പേരുമായി ബന്ധപ്പെട്ടുള്ള പാസ്‌വേഡുകളും പൊതുവായ പാസ്‌വേഡുകളിലൊന്നായി ഉപയോഗിക്കുന്നതായും കണ്ടെത്തി. കൂടാതെ toronto, montreal, canadal എന്നിവയും പൊതുവായി ഉപയോഗിച്ചുവരുന്ന പാസ്‌വേഡുകളില്‍ ചിലതാണ്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടുള്ള പാസ്‌വേഡുകളും പട്ടികയിലുണ്ട്.
പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത തരത്തിലുള്ള പാസ്‌വേഡുകളാണ് തെരഞ്ഞെടുക്കുന്നത്. Hockey പോലുള്ള പാസ്‌വേഡുകള്‍ പുരുഷന്‍മാര്‍ കൂടുതലായി തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ iloveyou, princess, sunshine പോലുള്ള പാസ്‌വേഡുകളാണ് സാധാരണമായി ഉപയോഗിച്ചുവരുന്നത്. ഇതിന് പുറമെ ചില ആളുകള്‍ സ്വന്തം പേരുകള്‍ തന്നെ പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നതും റിസര്‍ച്ചേഴ്‌സ് കണ്ടെത്തി.
ഓരോ അക്കൗണ്ടിനും വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ NordPass ശുപാര്‍ശ ചെയ്യുന്നു. പാസ്‌വേര്‍ഡ് തയ്യാറാക്കുമ്പോള്‍ കുറഞ്ഞത് 12 ക്യാരക്ടറെങ്കിലും ഉപയോഗിക്കുക.വാക്കുകള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ പാസ്‌വേഡുകളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും നോര്‍ഡ്പാസ് നിര്‍ദേശിക്കുന്നു.