ബസ് ചാര്‍ജ് വര്‍ധന: ആവശ്യം പരിഗണിക്കുമെന്ന്  ഗതാഗത മന്ത്രി

By: 600007 On: Nov 20, 2021, 5:45 PM

നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോട്ടയത്ത് നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.


എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ല. ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥികള്‍ക്കടക്കം ആശങ്കയുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. 


മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് നേരത്തേ ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 

വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകള്‍ നീങ്ങുന്നത് തടയാനാണ് ചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.

Content Highlights : bus charge may hike says antony raju