ഫേയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കാന്‍ ഫേസ്ബുക്ക്

By: 600007 On: Nov 20, 2021, 12:56 PM

 

വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും ഉപയോക്താവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയുന്ന ഫേയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്‌നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്ക്  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു.


ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനം. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്. മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഫേഷ്യല്‍ റെക്കഗ്‌നനിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തും.

ഫേസ്ബുക്കിന്റെ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതു നിയമവിരുദ്ധമായി ചില നഗരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവിന്റെ സുഹൃത്തിന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Content Highlights: facebook to avoid facial recognition feature