സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ക്യു.ആര്‍ കോഡുള്ള ബില്ലുകള്‍ നിര്‍ബന്ധമാക്കുന്നു 

By: 600007 On: Nov 20, 2021, 12:24 PM

സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലു മുതല്‍ ക്യു.ആര്‍ കോഡുള്ള ബില്ലുകള്‍ നിര്‍ബന്ധമാക്കി സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഡിസംബര്‍ നാലിന് ശേഷം പരിശോധനയ്ക്ക് പ്രത്യേക സംഘമിറങ്ങും. ക്യു.ആര്‍ കോഡില്ലാത്ത ബില്ലുകള്‍ക്ക് പിഴയീടാക്കും. പേന കൊണ്ടെഴുതുന്ന ബില്ലുകള്‍ക്ക് ഈ തീയതിക്ക് ശേഷം നിയമ സാധുതയുണ്ടാകില്ല. ഇങ്ങനെ കണ്ടെത്തിയാല്‍ 10,000 റിയാലാണ് പിഴ. ക്യു.ആര്‍ കോഡില്ലാത്ത ബില്ലിന് ആദ്യം അയ്യായിരം റിയാല്‍ പിഴ ചുമത്തും. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. 


നികുതി വെട്ടിപ്പ് തടയാനും ഇടപാടുകള്‍ സുതാര്യമാക്കാനുമാണ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബര്‍ നാലു മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പുതിയ രീതി പ്രാബല്യത്തിലാകും. ബില്ലുകളില്‍ വാങ്ങുന്ന വസ്തുവിന്റെ വിശദാംശം, ടാക്‌സ് വിവരങ്ങള്‍, ക്യു.ആര്‍ കോഡ് എന്നിവ വേണം. വാനുകളിലും ലോറികളിലും വസ്തുക്കള്‍ക്കും നിയമം ബാധകമാണ്. അനധികൃതവും കണക്കില്‍ പെടാത്തതുമായ വസ്തുക്കള്‍ക്ക് ഇതോടെ തടയിടുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. അനധികൃത മാര്‍ഗങ്ങളിലൂടെ നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കളില്‍ ക്യു.ആര്‍ കോഡ് ചേര്‍ക്കുന്നതോടെ പിടിക്കപ്പെടുകയും ചെയ്യും. നിയമാനുസൃത രീതിയിലേക്ക് മാറുന്നതിനുള്ള മാറ്റത്തിന് വ്യാപാരികള്‍ സജ്ജമാകണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Content Highlights: bills with qr code will be mandatory in saudi businesses