ഡിവില്ല്യേഴ്‌സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു 

By: 600007 On: Nov 19, 2021, 12:55 PM


ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചതായി മുന്‍ ദക്ഷിണാഫ്രക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്‍ ഉള്‍പ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് കൂടി വിരമിക്കുന്നതായി താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആര്‍സിബി മാനേജ്‌മെന്റ് അടക്കം തന്റെ ഫ്രാഞ്ചൈസി ടീം മാനേജ്‌മെന്റുകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കുമൊക്കെ താരം നന്ദി അറിയിച്ചു. 2018 മെയിലാണ് ഡിവില്ല്യേഴ്‌സ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റില്‍ അദ്ദേഹം കളിക്കുന്നുണ്ട്.  അവസാനമായി കഴിഞ്ഞ സീസണ്‍ ഐപിഎലില്‍ ആര്‍സിബിയ്ക്ക് വേണ്ടിയാണ് ഡിവില്ല്യേഴ്‌സ് കളിച്ചത്. 

114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ് നേടിയിട്ടുള്ള ഡിവില്ലിയേഴ്‌സ് 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 25 സെഞ്ചുറികളും 53 അര്‍ധ സെഞ്ചുറികളുമുണ്ട്. 78 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 10 അര്‍ധ സെഞ്ചുറികളടക്കം 1672 റണ്‍സെടുത്തിട്ടുണ്ട്. 184 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Content highlight: A B De Villiers announces retirement from all forms of cricket