വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

By: 600007 On: Nov 19, 2021, 12:11 PM

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് സുപ്രധാനമായ പ്രഖ്യാപനം.

കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

Content highlight: Three new farm laws to be repealed says pm modi