കുറുപ്പ് സിനിമ പ്രദർശിപ്പിച്ച ജിടിഎയിലെ തിയറ്ററുകൾക്കെതിരെ ആക്രമണം 

By: 600007 On: Nov 18, 2021, 11:38 PM

 

കുറുപ്പ് സിനിമ പ്രദർശിപ്പിച്ച ജിടിഎയിലെ തിയറ്ററുകൾക്കെതിരെ ആക്രമണം. നവംബർ 16 തിങ്കളാഴ്ച രാത്രി ആണ് ജിടിഎയിലെ വിവിധ ഭാഗങ്ങളിലുള്ള ഏഴോളം തീയറ്ററുകളിൽ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ജിടിഎയിലെ സിനിപ്ലെക്സ്, ലാൻഡ്മാർക്ക് തീയറ്ററുകളിൽ കുറുപ്പിന്റെ പ്രദർശനം നിർത്തിവച്ചിരിക്കുകയാണ്.കാനഡയിലെ സിനിപ്ലെക്സ്, ലാൻഡ്മാർക്ക് തീയറ്റർ ശൃംഖല വഴി പ്രദർശിപ്പിച്ച കുറുപ്പ് സിനിമയ്ക്ക് നല്ല പ്രതികരണമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി ഒട്ടു മിക്ക തീയറ്ററുകളിലും ഹൗസ് ഫുൾ ആയി ആണ് ഷോകൾ നടന്നുകൊണ്ടിരുന്നത്. കുറുപ്പ് സിനിമയ്ക്കുള്ള വൻ സ്വീകാര്യത കാരണം സിനിമയുടെ പ്രദർശനം രണ്ടാം വാരത്തിലേക്ക് നീട്ടിയിരുന്നു. ഇതിനിടെയിൽ ആണ് ഈ ആക്രമണം നടന്നത്. 

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ഉള്ള വിവരങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ( ആർസിഎംപി) നിരീക്ഷിച്ച് വരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കുറുപ്പ് മൂവിയുടെ കാനഡയിലെ വിതരണക്കാരായ അച്ചായൻസ് ഫിലിം ഹൗസ് നമ്മൾ ഓൺലൈനിനോട് പറഞ്ഞു. 
സംഭവത്തെ തുടർന്ന് ജി ടി എ മേഖലയിൽ ഡിസംബർ വരെ സിനിപ്ലെക്സ്, ലാൻഡ്മാർക്ക് തീയറ്റർ ശൃംഖലകളിൽ മലയാള സിനിമകൾക്ക് പ്രദർശനാനുമതി നിരോധിച്ചിരിക്കുകയാണെന്നും കാനഡയിലെ മലയാള സിനിമ വ്യവസായത്തെ തകർക്കുവാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അച്ചായൻ ഫിലിം ഹൗസ് ഉടമകൾ അറിയിച്ചു. കൂടാതെ ഇത്തരം പ്രവർത്തികൾക്കെതിരെ മലയാളികൾ ഒറ്റകെട്ടായി നിൽക്കണമെന്നും ഇതിനെതിരെയുള്ള പോരാട്ടത്തിന് എല്ലാ മലയാളികളുടെയും പിന്തുണയും നൽകണമെന്ന് അച്ചായൻസ് ഫിലിം ഹൗസ് അഭ്യർത്ഥിച്ചു. സംഭവത്തിനെതിരെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ആണ് ഉയർന്നിരിക്കുന്നത്.