കെ.പി.എ.സി ലളിതയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുന്നു

By: 600007 On: Nov 18, 2021, 5:48 PM

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടി മകള്‍ ശ്രീക്കുട്ടി ഭരതന്‍. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് എഴുത്തുകാരി ശാരദക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

https://m.facebook.com/saradakutty.madhukumar/posts/622006898932787/

'എന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ' എന്നും കുറിപ്പില്‍ പറയുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന കെപിഎസി ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.  കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

Content Highlights: KPAC Lalitha hospitalised