രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ മികച്ച സംസ്ഥാനമായി കേരളം

By: 600007 On: Nov 18, 2021, 5:17 PM

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ മികച്ച സംസ്ഥാനമായി കേരളം. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചതെങ്കില്‍ കേരളത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈനില്‍ പഠിയ്ക്കാനായി. രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ പോലും 79.6 ശതമാനം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം  ലഭ്യമായതെന്നു സര്‍വ്വേ പറയുന്നു. ഉത്തര്‍ പ്രദേശ് പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. യുപിയില്‍ 13.9 ഉം ബംഗാളില്‍ 13.3 ഉം ശതമാനം പേര്‍ക്കാണ്  ഓണ്‍ ലൈനില്‍ പഠിയ്ക്കാനായത്.

കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യതയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത്  97.5% കുട്ടികള്‍ക്ക് വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണ്. ഹിമാചല്‍ പ്രദേശില്‍ 95.6 % കുട്ടികള്‍ക്ക് ഈ സൗകര്യം ഉള്ളപ്പോള്‍ ഏറ്റവും പിന്നില്‍ ബിഹാര്‍ (54.4%), പശ്ചിമ ബംഗാള്‍ (58.4%), ഉത്തര്‍പ്രദേശ് (58.9%) സംസ്ഥാനങ്ങളാണ്. സ്വകാര്യ ട്യൂഷന്‍ തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും ഏറ്റവും കുറവ് കേരളത്തിലാണെന്നു പഠനം കണ്ടെത്തുന്നു. രാജ്യത്താകെ 39.2 ശതമാനം കുട്ടികള്‍ സ്വകാര്യ ട്യൂഷന്  പോകുമ്പോള്‍ കേരളത്തില്‍ അതിന്റെ പകുതി കുട്ടികള്‍ക്ക് പോലും (18.8%) ട്യൂഷന്‍ വേണ്ടിവരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

Content Highlights: Annual status of education report kerala leads even amid covid crisis