Story Written By, Abraham George, Chicago.
ഖാദറിക്ക അബുദാബിയിൽ നിന്നും വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു. മകൾ ഖദീജയെ വിളിച്ച് പ്രത്യേകം കാര്യങ്ങൾ പറഞ്ഞു.
കോളരിക്കൽ അബ്ദുൾകുട്ടി ഹാജിയാരുടെ മകൻ അബുവിനെ നിനക്കറിയില്ലേയെന്ന് ഖദീജയോട് പ്രത്യേകം ചോദിച്ചു?
"പിന്നെ എനിക്കറിയാം, ജാസ്മിൻ്റെ ഇക്ക, അബുവിനെ അറിയാത്തവരായി ഈ കരയിൻ ആരെങ്കിലും കാണോ, ചരിത്രം സൃഷ്ടിച്ചയാളല്ലേ?"
"അതാണ് ഞാൻ എടുത്ത് പറയാൻ പോണത്," ഖാദറിക്ക പറഞ്ഞു. "അബു, എൻ്റെ കൂടെ അബുദാബിയിലുള്ള കാര്യം നിനക്കറിയാമല്ലോ? പഴയ കാര്യങ്ങളെക്കുറിച്ച് അവനിപ്പോൾ ചിന്തിക്കാറേയില്ല. അതെല്ലാം കഴിഞ്ഞു പോയില്ലേയെന്നമട്ടിലാണിപ്പോൾ. അവനിവിടെ നല്ല പോസ്റ്റിലുമാണ് ജോലി ചെയ്യുന്നത്. അവൻ ആത്മാർത്ഥതയുള്ളവനുമാണ്. ബാപ്പ ഒരു കാര്യം മോളൊട് പറയടട്ടെ, നീ ശ്രദ്ധിച്ച് ഉത്തരം പറഞ്ഞാൽ മതി. അബുവും മോളുമായി കല്യാണം ആലോചിച്ചാലെന്താണന്ന്, ബാപ്പ ആലോചിക്കുകയാണ്. അവൻ നല്ലവനാണ്, നിൻ്റെ അഭിപ്രായം പറയണം, എന്നിട്ടു വേണം അബുവിനോട് പറയാൻ."
ഖദീജ എതിരായിയൊന്നും തന്നെ പറഞ്ഞില്ല. അപ്പോൾ ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാമല്ലേ മോളെയെന്ന്, ഖാദറിയ്ക്ക ചോദിച്ചു. അവൾ പറഞ്ഞു:
"ബാപ്പയുടെ ഇഷ്ടം."
"ബാപ്പക്ക് പ്രധാനപ്പെട്ട ഒരു കാര്യംകൂടി മോളോട് പറയാനുണ്ട്. അത് ഞാൻ ഫോണിലൂടെ പറയണില്ല. ഒരു കത്തെഴുതാം."
"ശരി ബാപ്പാ," ഖദീജ പറഞ്ഞു.
ഖാദറിക്ക, അബുവിനെ വിവരം ധരിപ്പിച്ചു. ഖദീജമോൾക്ക് നിന്നെയിഷ്ടമാണ്, നിൻ്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി, നിൻ്റെ ബാപ്പയെയും, ഉമ്മയെയും ഞാൻ വിവരം അറിയിക്കാം. നീ വ്യക്തമായ ഒരുത്തരം പറയണം. എന്നാലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനൊക്കൂ. അബു പറഞ്ഞു:
"എനിക്ക് ആലോചിക്കാൻ കുറച്ച് സമയം തരണം. ഖാദറിക്കയുടെ മകളെയെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ. എന്നാലും കുറച്ചു സമയം വേണം."
ഖാദറിക്ക പറഞ്ഞു: "നീ പഴയ കാര്യങ്ങളോർത്ത് മനസ്സ് പുണ്ണാക്കണ്ട, കഴിഞ്ഞത് കഴിഞ്ഞു. ഒരുകാര്യമോർത്താൽ അത് നടക്കാതെ പോയത് നന്നായി. എല്ലാവരും പ്രസംഗിക്കും, മതമൊന്നും നോക്കണ്ട, മനുഷ്യൻ നന്നായാൽ മതിയെന്നൊക്കെ. അവരവരുടെ കാര്യം വരുമ്പോളാണ് സ്വഭാവം മാറുന്നത്. നീ എല്ലാം മറന്ന് മനസ്സ് സ്വസ്ഥമാക്ക്. നമുക്ക് കാര്യങ്ങളുമായി മുന്നോട്ട് പോകാം, എന്താ നിനക്ക് സമ്മതമല്ലേ?"
"ഞാൻ പറഞ്ഞില്ലേയിക്കാ കുറച്ച് സമയമെനിക്ക് വേണം. എനിക്കൊന്ന് ആലോചിക്കാനുള്ള സമയം."
"നീ പെട്ടന്ന് തന്നെയുത്തരം പറയണം, വെച്ച് താമസിപ്പിക്കരുത്. എനിക്കാകെയുള്ളത് ഒരു മോളാണ്. അവളുടെ ഭാവി സുരക്ഷിതമാക്കണം. എന്തുവന്നാലും നാട്ടിലേക്കുള്ള ഈ പോക്കിൽ അവളുടെ കല്യാണം നടത്തണം, അതെൻ്റെ ആഗ്രഹമാണ്."
അബു നാട്ടിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചു. അവർ പറഞ്ഞു:
"നല്ല കാര്യം, ഖദീജ നല്ല മൊഞ്ചുള്ള പെണ്ണാണ്, നിനക്ക് നന്നായി ചേരും, ഖാദറിക്കയുടെ ഒരേയൊരു മകളല്ലേ, പുന്നാരം കുറച്ച് കൂടും, അത്രേയുള്ളൂ."
അബു പറഞ്ഞു: "ഖാദറിക്കയെ മറുത്ത് പറയാനെനിക്കാവില്ല, എന്നാലും കാര്യങ്ങളെല്ലാം വ്യക്തമായി അന്വേഷിക്കണം."
"നീ പറഞ്ഞാൽ ഞങ്ങൾ അന്വേഷിക്കാതിരിക്ക്വോ? ഞങ്ങൾ പറയണത് മാത്രം കാര്യമാക്കിയെടുക്കേണ്ട, ബാപ്പയോടും ഉമ്മയോടും അന്വേഷിക്കാൻ പറയണം. നിൻ്റെ പെങ്ങൾ ജാസ്മിനോടും കാര്യങ്ങൾ പറയണം. അവരും കൂടി അന്വേഷിക്കട്ടെ. അടുത്ത നിൻ്റെ വരവിന് കല്യാണം അടിച്ചുപൊളിക്കാം. അബു ഒരു സങ്കടകരമായ കാര്യം പറയാനുണ്ട്" മൊയ്തു പറഞ്ഞു.
"എന്താ മൊയ്തു, അബു ചോദിച്ചു. നിൻ്റെ പെങ്ങൾ ജാസ്മിനും നമ്മളുടെ മാധവനും തമ്മിൽ പ്രണയത്തിലാണ്. നിൻ്റെ ബാപ്പയുടെ ഒച്ചപ്പാടും, ലഹളയും കേട്ടാണ് ഞങ്ങൾ തന്നെ അറിയുന്നത്. മാധവൻ ഇതേക്കുറച്ച് ഒരു വാക്കു പോലും ഞങ്ങളോട് പറഞ്ഞില്ല."
അബു ചോദിച്ചു: "അവനെന്തിൻ്റെ കേടാ അവൻ്റെ വീട്ടുകാർ ഈ വിവാഹം സമ്മതിക്കുമോ?"
"അവര് സമ്മതിക്കില്ലായെന്നുള്ളത് വ്യക്തമല്ലേ? ഒരു തുലുക്കത്തിപ്പെണ്ണിനെ കുടുംബത്ത് കയറ്റാൻ പറ്റില്ലായെന്ന് അവർ തീർത്തു പറഞ്ഞു. അവനെ അടിച്ച് വീട്ടിൽ നിന്നും പുറത്താക്കുമെന്നവർ ഭീഷണിപ്പെടുത്തി. അവനിപ്പോൾ വീട്ടിലേക്ക് പോകാറില്ല. അവിടെയെത്തിയാൽ തലക്ക് സ്വൈര്യം തരില്ലായെന്നാണ് അവൻ പറയണത്."
"അവനിപ്പോൾ എവിടെയാണ് താമസം?"
"എവിടെ താമസിക്കാൻ, മാറി മാറി ഞങ്ങളുടെ കൂട്ടത്തിൽ താമസിക്കുന്നു. എന്തായാലും അവന് ജീവിക്കാനുള്ള വരുമാനമുണ്ട്. നല്ലൊരു തൊഴിലുമായി. അതു കൊണ്ട് വീട്ടുകാർക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല."
"എന്നാലും അവന് പ്രേമിക്കാൻ മറ്റാരേയും കണ്ടില്ലേ? എന്തൊരു ഗതികേടായിയെന്നു നോക്കിക്കേ. എൻ്റെ പ്രണയത്തിൻ്റെ ചൂടാറുന്നതിനു മുമ്പ് മറ്റൊരു പുലിവാല്."
"ചരിത്രം ആവർത്തിക്കപ്പെടുന്നുയെന്നല്ലാതെ ഞങ്ങളെന്തു പറയാനാണ്. എന്തായാലും നിൻ്റെ ബാപ്പ നല്ലചൂടിലാണ്. ഒരു ചോചെക്കൻ്റെ കൂടെ, നിന്നെ ഞാൻ പൊറുപ്പിക്കില്ലായെന്നാണ് ബാപ്പയുടെ നിലപാട്. ഒരു ഈഴവൻ്റെ കൂടെ നിന്നെ പറഞ്ഞുവിടാൻ മാത്രം ഞാൻ തകർന്നിട്ടില്ലായെന്നാണ് ബാപ്പ പറയണത്. മുപ്പത് കോടി ദൈവങ്ങളെ വന്ദിക്കുന്നവൻ്റെ കൂടെ നിന്നെ പറഞ്ഞു വിടുമെന്ന് നീ മോഹിക്കണ്ട, അടങ്ങിയൊതുങ്ങി ഇവിടെ കഴിഞ്ഞോളണം, അല്ലെങ്കിൽ എൻ്റെ തനിനിറം കാണുമെന്നാണ് ബാപ്പ പറയണത്. ഞങ്ങൾക്ക് ബാപ്പയോട് സംസാരിക്കാൻ കഴിയില്ല. അവർ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്നതിനു മുമ്പ് നീ ഇടപെടണം. നിനക്ക് മാധവനെ നന്നായി അറിയാമല്ലോ? അവൻ നല്ലവനാണ്. നിന്നെ കൂടുതൽ ഇഷ്ടപ്പെടുന്നതും അവനാണ്. നിനക്കു വേണ്ടി എത്രത്യാഗം സഹിച്ചുവെന്ന് നിനക്കറിയാമല്ലോ? അവൻ്റെ കൂടെ നിൽക്കാനെ ഞങ്ങൾക്കാവൂ. നീ എന്താ ഒന്നും പറയാത്തെ?"
"ഞാനെന്ത് പറയാനാ, കൊന്ന് കുഴിച്ച് മൂടിയാലും ബാപ്പ സമ്മതിക്കുമെന്ന് തോന്നുന്നില്ല. പിന്നെ ഒളിച്ചോട്ടത്തിന് ഞാൻ കൂട്ടുനിൽക്കണമെന്നാണോ നിങ്ങൾ പറയണത്."
"അതൊന്നും ഞങ്ങൾക്കറിയില്ല. അവരുടെ വിവാഹം നടത്താൻ നീ മുൻകൈ എടുക്കണം."
------തുടരും-----------