പ്രശസ്ത കമന്റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു

By: 600007 On: Nov 18, 2021, 5:04 PM

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം എന്നറിയപ്പെടുന്ന പ്രശസ്ത കമന്റേറ്റര്‍ നോവി കപാഡിയ(67) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വീല്‍ചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററില്‍ ആയിരുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് കമന്ററി നല്‍കുന്നതിനു പുറമേ, ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും കമന്ററിയിലും കപാഡിയ പങ്കാളിയായിരുന്നു. ഒമ്പത് ഫിഫ ലോകകപ്പുകളിലും അദ്ദേഹം നിരീക്ഷകനായി പ്രവര്‍ത്തിച്ചു. മികച്ച അധ്യാപകന്‍ കൂടിയായിരുന്ന കപാഡിയ ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ പ്രൊഫസറായിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ് എന്ന പുസ്തകം പ്രശസ്തമാണ്. 


Content Highlights: Novy Kapadia, 'The voice of Indian football', passes away