സൗദിയില്‍ തൊഴിലാളി കരാറുകള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കണം

By: 600007 On: Nov 18, 2021, 4:52 PM

സൗദിയില്‍ തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് തൊഴില്‍ മന്ത്രാലയം. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം. തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഇത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. 

തൊഴില്‍ കരാറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യം ഇനി  മാനവശേഷി സാമൂഹിക വികസന മന്ത്രാലയമായിരിക്കും പരിശോധിക്കുക. ആറു മാസത്തിനകം എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുമായുള്ള കരാര്‍ ഖിവ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ശമ്പളം, ലീവ്, ആനുകൂല്യങ്ങള്‍, കരാര്‍ കാലാവധി എന്നിവയും ഇരുകൂട്ടരുടേയും അവകാശങ്ങളും ബാധ്യതകളും കരാറില്‍ രേഖപ്പെടുത്തണം. തൊഴില്‍ തര്‍ക്കങ്ങളില്‍ ഈ രേഖയാണ് മന്ത്രാലയം പരിഗണിക്കുക. അതിനാല്‍ കരാര്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഇരുകൂട്ടരും ഇക്കാര്യം വായിച്ച് ഒപ്പു വെക്കണം. 

നിലവില്‍ സൗദിക്കകത്തുള്ള തൊഴിലാളികള്‍ക്കാണ് ഇത് ബാധകമാവുക. വിദേശത്ത് നിന്നും പുതുതായി തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തും. പുതിയ നീക്കം നടപ്പായാല്‍ വിദേശി തൊഴിലാളികള്‍ക്ക് ഗുണമാകും. കരാറില്‍ പറഞ്ഞ ശമ്പളം വൈകിയതിനും നല്‍കാത്തതിനും ബാങ്ക് രേഖകളും തെളിവാകും. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി പൗരന്മാരുടെ കരാറുകള്‍ ഗോസി വഴിയാണ് നിലവില്‍ ശേഖരിക്കുന്നത്. വിദേശികളുടേത് ഗോസി വഴി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഈ രേഖകള്‍ ഇനി മന്ത്രാലയത്തിന് ഖിവ പോര്‍ട്ടല്‍ വഴി നേരിട്ട് ലഭ്യമാക്കണം. 

Content Highlights: Saudi proposes to complete labor cotnracts via online in six months