ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട 

By: 600007 On: Nov 18, 2021, 4:41 PM

ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇതു ബാധകമാണ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. ബഹ്‌റൈനില്‍ 10 ദിവസത്തെ ക്വാറന്റീനും ഇവര്‍ക്ക് ആവശ്യമില്ല. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റിവ് പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോള്‍ ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പി.ഡി.എഫ് സര്‍ട്ടിഫിക്കറ്റും കൈവശമുള്ള പ്രിന്റൗട്ടും തുല്യമായിരിക്കണം. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ആറു വയസില്‍ താഴെയുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ (12 വയസ്സിന് മുകളിലുള്ളവര്‍) താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ മൂന്ന് പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തണം. ആദ്യത്തേത് വിമാനത്താവളത്തില്‍വെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10-ാം ദിവസവുമാണ് നടത്തേണ്ടത്. ഇതിന് 36 ദിനാറാണ് ഫീസ് അടക്കേണ്ടത്

Content Highlights: Passengers from India to Bahrain need not submit resident documents anymore