ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാനൊരുങ്ങി ആപ്പിള്‍

By: 600007 On: Nov 18, 2021, 9:21 AM



ഐഫോണും മാക്ക് കമ്പ്യൂട്ടറുകളും ഉപഭോക്താക്കള്‍ക്ക് തന്നെ റിപ്പയര്‍ ചെയ്യാനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാനൊരുങ്ങി ആപ്പിള്‍. ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സും ഉപകരണങ്ങളും ആപ്പിള്‍ വില്‍ക്കാനൊരുങ്ങുന്നത്. ഐഫോണും മാക്ക് കംപ്യൂട്ടറുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റിപ്പയര്‍ ചെയ്യാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി ആപ്പിള്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി കണ്‍സ്യൂമര്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് സെല്‍ഫ് സര്‍വീഫ് റിപ്പയര്‍ പ്രോഗ്രാമിന് ആപ്പിള്‍ തുടക്കമിടുന്നത്.

സെല്‍ഫ് സര്‍വീസ് പ്രോഗ്രാം പ്രകാരം ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിവൈസുകളിലെ തകരാറുകള്‍ സ്വയം പരിഹരിക്കാന്‍ ഉപകരണങ്ങളും പാര്‍ട്‌സും വാങ്ങാന്‍ സാധിക്കും. റിപ്പയര്‍ ചെയ്യേണ്ടത് മനസിലാക്കാന്‍ മാന്വലും ലഭ്യമാണ്. ഐഫോണ്‍ 12, 13 മോഡലുകളിലെ ഡിസ്പ്ലേകള്‍, ബാറ്ററികള്‍, ക്യാമറകള്‍ എന്നിവയില്‍ പൊതുവായി കണ്ടുവരുന്ന  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള 200ഓളം പാര്‍ട്‌സുകളും ഉപകരണങ്ങളുമായി ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് സ്വതന്ത്ര റിപ്പയര്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന അതേ വിലയില്‍ പാര്‍ട്‌സും ഉപകരണങ്ങളും ലഭ്യമാകും. കൂടാതെ റിപ്പയര്‍ പൂര്‍ത്തിയാക്കിയ ശേഷം പഴയ പാര്‍ട്‌സ് തിരികെ ആപ്പിളിന് നല്‍കിയാല്‍ ഡിസ്‌കൗണ്ടും ലഭിക്കും.

അടുത്ത വര്‍ഷം ആദ്യം അമേരിക്കയില്‍ ആരംഭിക്കുന്ന പ്രോഗ്രാം വര്‍ഷാവസാനത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.