എഡ്മണ്ടനില്‍ മാളിലെ ജ്വല്ലറിയില്‍ നിന്ന് 100,000 ഡോളറിന്റെ സ്വര്‍ണം മോഷണം പോയി; പ്രതികൾക്കായി തെരച്ചില്‍

By: 600007 On: Nov 18, 2021, 8:08 AM

      Photo Released by EPS

 

എഡ്മണ്ടനിലെ മാളില്‍ ജ്വല്ലറിയില്‍ നിന്ന് 100,000 ഡോളറിലധികം വിലവരുന്ന ആഭരണം മോഷണം പോയി. രണ്ട് പേരാണ് മോഷണം നടത്തിയത്. ഇവരെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.

നവംബര്‍ 9ന്, ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു സംഭവം. 50 അവന്യൂവിനും 111 സ്ട്രീറ്റിനും സമീപമുള്ള സൗത്ത്‌ഗേറ്റ് സെന്ററിലെ ഒരു ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ ഈ സമയം സ്വര്‍ണമാല കവരുകയും ചെയ്തു. തുടര്‍ന്ന് സ്റ്റോറിന് പുറത്തേക്ക് കടന്നസംഘം സൗത്ത് എന്‍ട്രന്‍സ് വഴി മാളിന് പുറത്തേക്ക് രക്ഷപ്പെട്ടു.

 ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് CKF-2443 നമ്പറിലുള്ള ചുവന്ന 2013 ഹോണ്ട സിവിക് കാറിലാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. വൈറ്റ്മഡ് ഡ്രൈവില്‍ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതാണ് കാര്‍ അവസാനമായി കണ്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 1-800-222-8477 എന്ന നമ്പരിലോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.