ഒന്റാരിയോയില്‍ കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നവംബര്‍ അവസാനത്തോടെ നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍

By: 600007 On: Nov 17, 2021, 7:56 PM


 നവംബര്‍ അവസാനത്തോടെ അഞ്ച് മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒന്റാരിയോയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കീരൻ മൂർ പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ഒട്ടാവ പബ്ലിക് ഹെല്‍ത്തിന്റെ പദ്ധതി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്‌തെന്നും മികച്ച അഭിപ്രായമെന്നാണ് അവര്‍ പറഞ്ഞതെന്നും ഡോ.മൂര്‍ പറഞ്ഞു.

ഒന്നുരണ്ടാഴ്ചക്കുള്ളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയേക്കുമെന്ന് കഴിഞ്ഞാഴ്ച കാനഡയുടെ ചീഫ് മെഡിക്കല്‍ അഡ്‌വൈസറും അഭിപ്രായപ്പെട്ടിരുന്നു.

ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള 'Spikevax' കോവിഡ് വാക്‌സിന്റെ അംഗീകാരത്തിനായി ഹെല്‍ത്ത് കാനഡയ്ക്ക് അപേക്ഷ നല്‍കിയതായി തിങ്കളാഴ്ച മോഡേണ അറിയിച്ചിരുന്നു. 5 മുതല്‍ 11 കുട്ടികള്‍ക്കുള്ള വാക്സിന്‍ അംഗീകാരത്തിനായി ഫൈസര്‍ നല്‍കിയ അപേക്ഷ റെഗുലേറ്റര്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.