വായു മലിനീകരണം: ഡല്‍ഹിയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു

By: 600007 On: Nov 17, 2021, 5:20 PM


    
ഡല്‍ഹിയിലെ വായു മലീനികരണം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു. പുതിയ ഉത്തരവുണ്ടാവുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. കല്‍ക്കരിയിയില്‍ പ്രവര്‍ത്തിക്കുന്ന 11 പവര്‍ പ്ലാന്റുകളില്‍ ആറെണ്ണം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങള്‍ അടയ്ക്കുമെന്ന് നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

അവശ്യവസ്തുക്കളുടെ ചരക്ക് നീക്കമൊഴികെ എല്ലാത്തരം ചരക്ക് നീക്കത്തിനും നിയന്ത്രണമുണ്ടാവും. ചരക്കുവാഹനങ്ങള്‍ക്ക് നവംബര്‍ 21 വരെ ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ആയിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളും സമാനമായ രീതി പിന്തുടരണം. ഓഫീസില്‍ എത്തേണ്ടവര്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിര്‍ത്തി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. വായുമലിനീകരണ തോത് കുറയ്ക്കാന്‍ കൂടുതല്‍ സി.എന്‍.ജി വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുഗതാഗതത്തിനായി 1000 സി.എന്‍.ജി ബസ്സുകള്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Delhi govt to hire 1000 private cng buses to curb air pollution level