ഐഎഫ്എഫ്‌ഐ ഇത്തവണ വീട്ടിലിരുന്നും കാണാം; രജിസ്‌ട്രേഷന്‍ തുടരുന്നു

By: 600007 On: Nov 17, 2021, 5:04 PM

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌ഐയുടെ പുതിയ എഡിഷന്‍ ഇത്തവണ വീട്ടിലിരുന്നും കാണാം. ഫിലിം ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. വെര്‍ച്വല്‍ മാതൃകകയില്‍ വീട്ടിലിരുന്ന് ഐഎഫ്എഫ്‌ഐ കാണാം. 52-ാമത് ഐഎഫ്എഫ്‌ഐ ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുക. രജിസ്‌ട്രേഷന്‍ തുടരുകയാണ്.

സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്‌ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.

കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം 'ദ് കിംഗ് ഓഫ് ഓള്‍ ദ് വേള്‍ഡ്' ആണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം സണ്ണി, ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നിവ ഇടം പിടിച്ചിരുന്നു. ജെയിംസ് ബോണ്ടിനെ തിരശ്ശീലയില്‍ അനശ്വരനാക്കിയ നടന്‍ സീന്‍ കോണറിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള പാക്കേജും ഇത്തവണയുണ്ട്. 

രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക. https://virtual.iffigoa.org/#


Content Highlights: iffi 2021 virtual registration going on watch film festival  online