''അവൾക്ക് എന്നെ ഇഷ്ടമാണോയെന്നറിയണം..,'' വത്സല(ഭാഗം 10)

By: 600009 On: Nov 16, 2021, 5:18 PM

Story Written By, Abraham George, Chicago.

വത്സലയുടെ അച്ഛൻ്റെ ദയനീയാവസ്ഥ കണ്ടത് കൊണ്ടൊന്നും അബുവിന് സങ്കടം വന്നില്ല. അബുവിൻ്റെ മനസ്സ് മുഴുവനും വത്സലയെ ചുറ്റിപ്പറ്റിയായിരുന്നു. അവിടത്തെ കാറ്റിലും പൂക്കളിലും ഒരോതരി മണലിലും അവളുടെ സാമീപ്യമുള്ളതായി തോന്നി.

'എൻ്റെ വത്സലയിവിടെ എവിടെയൊ ഒക്കെയുണ്ട്, എൻ്റെ കരളിൻ്റെ ഒരു ഭാഗമാണിയിവിടെ നഷ്ടപ്പെട്ടിരിക്കുന്നത്, അതോർക്കുമ്പോൾ മനസ്സ് വിങ്ങുകയാണ്, ഹൃദയം കീറിമുറിക്കുന്ന വേദനയാണ് അനുഭവിക്കുന്നത്. എൻ്റെ പ്രവൃത്തികളെല്ലാം വൃഥാ ആയിയെന്ന് ഓർക്കുമ്പോൾ തളരുകയാണ്. അവൾക്കു വേണ്ടി മാത്രമാണ് സഹനങ്ങൾ സഹിച്ച് ഞാൻ അബുദാബിയിൽ പോയത്. മരുഭൂമിയിലെ ഉഷ്ണക്കാറ്റേറ്റത്. എല്ലാം പാഴ് വേലയായി. തോൽവിയെപ്പോളും എൻ്റെ പിന്നാലെയുണ്ടായിരുന്നു. അബുദാബി യാത്ര കൊണ്ട് അവളെയൊന്ന് കാണാൻ പോലുമായില്ല. കണ്ടുമുട്ടുവാനുള്ള അവസരം അടുത്തടുത്തു വന്നപ്പോൾ, അവിടന്നും അവളുടെ അച്ഛൻ കെട്ടുകെട്ടി നാട്ടിൽ കൊണ്ടുവന്നത് അവളെ കൊല്ലാൻ വേണ്ടിയായിരുന്നോ? '

"അബു...", വത്സലയുടെ വീട്ടിൽ നിന്നും യാത്രപോലും പറയാതെ പടിയിറങ്ങുമ്പോൾ, പിന്നിൽ വാവിട്ട് കരയുന്ന അവളുടെ അച്ഛൻ രാഘവൻനായരുടെ ശബ്ദം കേൾക്കാമായിരുന്നു. അബുവും മാധവനും തിരിച്ചെത്തി; ചങ്ങാതിക്കൂട്ടത്തിനോട് നടന്ന സംഭവങ്ങൾ മാധവൻ വിവരിച്ചു. കൂട്ടുകാരെല്ലാം ഒന്നിച്ച് ചേർന്ന് അബുവിനെ ശാന്തതയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം തുടങ്ങി.

"നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കാൻ നമുക്കാവില്ലല്ലോ അബു,"

അവർ എന്നെ ശക്തിപ്പെടുത്തികൊണ്ടേയിരുന്നു. 'ഒന്നാലോചിക്കുമ്പോൾ അതല്ലേ സത്യമെന്ന് അബുവിനും തോന്നാൻ തുടങ്ങി. കഴിഞ്ഞതെല്ലാം മറക്കണമെന്ന് ചങ്ങാതിക്കൂട്ടം അബുവിനോട് പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിലേറ്റിക്കൊണ്ടുനടന്നാൽ അവനവൻ തന്നെ നശിക്കുമെന്ന് അവനെയവർ ഓർമ്മപ്പെടുത്തി. മനസ്സ് ശാന്തമാക്കാൻ നമുക്കൊരു ടൂർ പ്ലാൻ ചെയ്താലോയെന്ന ആശയം മോഹൻ മുന്നോട്ട് വെച്ചു. കാരണം നമ്മളിനി ഇതേപോലെ ഒരുമിക്കുമോ എന്നതുതന്നെ സംശയമാണ്. അവർ പറഞ്ഞു

"മെയ്തുവിന് ദോഹയിൽ ജോലി ശരിയായിട്ടുണ്ട്, മോഹൻ പി.എസ്.സി ടെസ്റ്റിൽ റാങ്ക് ലിസ്റ്റിലായി, ജോസിനാണെങ്കിലോ കല്യാണാലോചനയുമായി മുന്നോട്ട് പോകുന്നു. സലിമും, ശങ്കരനും ബിസ്സിനസ്സിലേക്ക് മാറുന്നു. മാധവനും ഏതോ ജോലി കിട്ടിയിട്ടുണ്ട്.   ഇനി നമുക്ക് ഒരുമിച്ച് ഒരു ടൂർ പോകാനാവില്ല. അതു കൊണ്ട് നമുക്കെല്ലാവർക്കും കൂടി ഇടുക്കി വഴി മൂന്നാർ കറങ്ങാമെന്ന തീരുമാനത്തിലെത്തി. അബുവിന് ഇതൊരു റിലാക്സാകുകയും ചെയ്യും."

കൂട്ടുകാരുടെ പ്രവർത്തികൾ അബുവിൻ്റെ വീട്ടുകാർക്ക് സന്തോഷമാണ് നൽകിയത്. തകർച്ചയിൽ നിന്നും അവനെ പിടിച്ചുയർത്താൻ നോക്കണ കൂട്ടുകാരെ അവർ പ്രത്യേകമായി തന്നെ സ്നേഹിച്ചു. നീലക്കുറിഞ്ഞി പൂത്തുകിടക്കുന്ന മൂന്നാറിലെ രാജമലയിലൂടെ സർക്കാർ വണ്ടിയിലൊരു യാത്ര. വരയാടുകൾ നിരനിരയായി പോകുന്ന കാഴ്ച, തേയിലയിലകൾ അറുത്ത് കൂടയിൽ ആക്കുന്ന പെൺകിടാങ്ങൾ, തമിഴ് ചുവയുള്ള അവരുടെ സംസാരങ്ങൾ. മലയോരത്തെ മൂടൽമഞ്ഞ്, അഭ്രപാളിയിൽ മറഞ്ഞിരിക്കുന്ന ആദിത്യൻ, എല്ലാം ഒരു മിന്നായം പോലെ കടന്നു പോയി. നല്ല തണുപ്പുള്ള മൂന്നാർ പട്ടണത്തിൽ ഒരു ദിവസത്തെ താമസം. ടൂർ കഴിഞ്ഞ് തിരിച്ചെത്തിയ അബുവിന് മനസ്സിനൊരു ആശ്വാസം കിട്ടി. എല്ലാം വിധിക്ക് വിട്ടുകൊടുക്കാൻ കൂട്ടുകാർ അവനെ പറഞ്ഞ് പഠിപ്പിച്ചു. ജീവിതം ഒരു ഞാണിന്മേൽ കളിയാണന്നും അവിടെ നിന്ന് താഴേവീണാൽ കരകയറാൻ ബുദ്ധിമുട്ടാണന്നും അവർ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് അബു അബുദാബിയിലേക്ക് യാത്രയായി. പെട്ടെന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ലായെന്ന് കൂട്ടുകാരോട് അബു പറഞ്ഞു. നാട് വെറുത്തതുപോലെ അവന് തോന്നി. നാട്ടിലും നല്ലത് മരുഭൂമിയാണന്ന തോന്നൽ അവനിൽ വളർന്നു. ആർക്കുവേണ്ടി നാട്ടിൽ ജീവിക്കണമെന്നായി, ജീവിതം താറുമാറായിയെന്ന തോന്നലായിരുന്നു അബുവിന്. അവനോർത്തു ' കൂട്ടുകാർ, ധൈര്യം തന്നില്ലായിരുന്നെങ്കിൽ പണ്ടേ ഞാൻ മരിച്ചേനെ.' അവരാണ് തനിക്ക് ഭൂമിയിൽ നിലനിൽക്കാനുള്ള ഊർജം തന്നത്. അവരുടെ വാക്കുകൾ അബുവിന് ശക്തി നൽകി. ജീവിക്കണമെന്ന തോന്നൽ അവനിൽ വളർന്നു. ജീവിക്കുമെന്നവൻ ദൃഢപ്രതിജ്ഞയെടുത്തു. അബു, അബുദാബിയിലെത്തിയപ്പോൾ ഖാദറിക്കാ ഹോസ്പിറ്റലിലായിരുന്നു. ചെറിയൊരു വയറുവേദനയെ തുടർന്ന് ആശുപത്രിയൽ അഡ്മിറ്റ് ചെയ്തതാണ്. ഇക്കായ്ക്ക് ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടിവന്നു. അതുവരെ സൂപ്പർ മാർക്കറ്റിലെ അധികചുമതല അബുവിനായിരുന്നു. അബു പ്രസരിപ്പോടെ എല്ലാം ചെയ്യാൻ കഴിഞ്ഞുയെന്നതാണ് വാസ്തവം.

തിരക്കേറിയ ജീവിതം അവനെയെല്ലാം മറക്കാൻ പഠിപ്പിച്ചു. ഷെയിക്കിൻ്റെ കൂട്ടാളിയായ തോമാസ് സാറിന് അബുവിനോട് പ്രത്യേക മതിപ്പുതോന്നി. ഖാദറിക്ക ഹോസ്പിറ്റൽ വിട്ടുപോന്നെങ്കിലും ഒരാഴ്ച വീട്ടിൽ റസ്റ്റ് എടുക്കേണ്ടിവന്നു. ആ സമയത്ത് ഇക്കയുടെ എല്ലാ കാര്യങ്ങളും അബു പ്രത്യേകം ശ്രദ്ധിച്ചു. ഖാദറിക്ക ജോലിയിൽ പ്രവേശിച്ചതിനുശേഷം, മാത്യുസാറ്, അബുവിന് സൂപ്പർ മാർക്കറ്റിൻ്റെ മാനേജർ പദവി കൊടുത്തു. അബു ചുറുചുറുക്കോടെ എല്ലാം ചെയ്യണ കണ്ട് ഖാദറിക്കായ്ക്ക് മനസ്സിൽ സന്തോഷം നിറഞ്ഞു. ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി. ഒരു ദിവസം ഖാദറിക്ക അബുവിനോട് പറഞ്ഞു

"നീ വിവാഹം കഴിക്കുന്നില്ലേ? ഞാനൊരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്. വേറെയാരുമല്ല, എൻ്റെ മകളാണ്. രണ്ടു പേർക്കും സമ്മതമാണങ്കിൽ മാത്രം നടത്തിയാൽ മതി. പഴയ കാലമല്ലല്ലോ, നിൻ്റെയും മോളുടെയും സമ്മതം കൂടി അറിയണം."

അബു അതിനുത്തരമായി ഒന്നും തന്നെ പറഞ്ഞില്ല. അതിനുത്തരം കൊടുക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല, അബു. ഖാദറിക്കാ ചോദിച്ചു

"എന്താ നീയൊന്നും മിണ്ടാത്തെ?"

അബു പറഞ്ഞു: "എല്ലാം അറിഞ്ഞു കൊണ്ടാണോ ഇക്കയീ കല്യാണം ആലോചിക്കുന്നത്."

" അതെ," ഇക്ക പറഞ്ഞു. "നീ നല്ലവനാണ്. നിനക്ക് പറ്റിയ അബദ്ധമാണിതെല്ലാം. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും കാണില്ല. അതിൽ ഭൂരിപക്ഷവും വിജയിക്കാറുമില്ല. അതോർത്താരും ജീവിതം പാഴാക്കാറുമില്ല."

ഖാദറിക്ക തുടർന്നു "എൻ്റെ ജീവിതത്തിലും ഇതേപോലുള്ള അനുഭവമുണ്ടായിട്ടുണ്ട്. അതും വൻപരാജയമായിരുന്നു. എന്നിട്ട് ഞാനത് ഓർത്തിരിക്കുകയാണോ, കഴിഞ്ഞത് കഴിഞ്ഞു, അതൊരു കുട്ടിക്കളിയായി മാത്രം കരുതി, അതല്ലേ ചെയ്യാൻ പറ്റൂ."

അബു പറഞ്ഞു: "ഇക്കയുടെ മകൾ ഖദീജയെ എനിക്കറിയാം. അവൾക്ക് എന്നെ ഇഷ്ടമാണോയെന്നറിയണം, അതു മാത്രം പോരാ എൻ്റെ എല്ലാ കഥകളും അവളോട് പറയുകയും വേണം."

ഇക്ക പറഞ്ഞു: "അതെല്ലാം ഞാനേറ്റു. അടുത്ത കത്തിൽ ഞാനെല്ലാവിവരണങ്ങളും വീട്ടിലേക്ക് എഴുതാം. നിനക്ക് സമ്മതമാണോയെന്ന് മാത്രം അറിഞ്ഞാൽ മതി."

ഖാദറിക്കയെമറുത്ത് പറയാൻ അബുവിനായില്ല. അവൻ്റെ മൗനമായിരുന്നു അതിനുത്തരം.

-------തുടരും---------