തിയറ്ററുകളില്ല; രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചു

By: 600007 On: Nov 16, 2021, 4:50 PM

മോശം കാലാവസ്ഥയും തിയറ്ററുകളുടെ ലഭ്യത കുറവും മൂലം 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) തീയതി നീട്ടിവെച്ചു. 2022 ഫെബ്രുവരി നാലു മുതല്‍ 11 വരെയാണ് ചലച്ചിത്രമേള നടക്കുകയെന്ന് സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 

ഡിസംബര്‍ പത്തുമുതല്‍ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് മേള നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐഎസ്എഫ്ഡികെ) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പഌ്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഏരീസ് പഌ്‌സ് എസ്എല്‍ തിയേറ്ററില്‍ ഡിസംബര്‍ ഒമ്പതിന് നിര്‍വഹിക്കും. കോവിഡ്് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.

Content Highlights: iffk date extended