ശബരിമല ഓണ്‍ലൈന്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തവര്‍ 13 ലക്ഷം

By: 600007 On: Nov 16, 2021, 4:17 PM

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് നിലവില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. മണ്ഡല-മകര വിളക്ക് തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാലാണ് പമ്പാ സ്‌നാനം അനുവദിക്കാത്തത്. ശക്തമായ മഴയില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും. 

മഴയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂര്‍ത്തിയാക്കും. കൂടുതല്‍ ഭക്തര്‍ എത്തുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിന് പുറമെ നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ഇതിന്റെ ഭാഗമായി ഈ പാതയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുന്നതിന് സംവിധാനം ഒരുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇടോയ്‌ലെറ്റ്, ബയോടോയ്‌ലെറ്റ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

content highlights: 13 lakh devotees booked online for sabarimala pilgrimage