ആൽബെർട്ടയിൽ 2026ഓടു കൂടെ പ്രതിദിനം 10 ഡോളർ ചൈൽഡ് കെയർ പ്രോഗ്രാം വരുന്നു

By: 600007 On: Nov 16, 2021, 8:33 AM


2026-ഓടെ ആൽബർട്ടയിൽ പ്രതിദിനം 10 ഡോളർ ചൈൽഡ് കെയർ നൽകുന്നതിനുള്ള ഫെഡറൽ ഗവണ്മെന്റ് പദ്ധതിയിൽ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആല്‍ബെര്‍ട്ട പ്രീമയര്‍ ജെയ്‌സണ്‍ കെന്നിയും ഒപ്പുവെച്ചു. 3.8 ബില്യണ്‍ ഡോളറിന്റെ 5 വര്‍ഷത്തേക്കുള്ള കരാറിലാണ് ഒപ്പുവെച്ചത്.

2025-ഓടെ ചൈൽഡ് കെയറിനായി പ്രതിദിനം 10 ഡോളര്‍ ചെലവഴിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ചൈൽഡ് കെയർ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും, കുടുംബങ്ങൾക്ക് താങ്ങാവുന്നതുമാക്കുന്നതിന്  വേണ്ടിയുള്ളതാണ് കരാര്‍. ഈ കരാറില്‍ ഒപ്പുവെക്കുന്ന എട്ടാമത്തെ പ്രവിശ്യയാണ് ആല്‍ബെര്‍ട്ട. ന്യൂ ബ്രണ്‍സ്വിക്ക്, ഒന്റാരിയോ, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറികള്‍, നുനാവുട്ട് എന്നിവ മാത്രമാണ് ഇതുവരെ കരാറില്‍ ഒപ്പുവെക്കാത്ത പ്രവിശ്യകളും പ്രദേശങ്ങളും.

ചൈൽഡ് കെയർ എന്നത് ഒരു സാമൂഹികപ്രവര്‍ത്തനം മാത്രമല്ല, അത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങളുള്ള രണ്ട് ഗവണ്‍മെന്റുകള്‍ക്ക് പൊതുവായ ആശയം കണ്ടെത്താന്‍ കഴിയുമെന്നാണ് കരാര്‍ കാണിക്കുന്നതെന്നും ട്രൂഡോ പറഞ്ഞു.

പ്രീ-സ്‌കൂളുകള്‍, ഡേകെയര്‍, ലൈസന്‍സുള്ള ഫാമിലി ഡേ ഹോമുകള്‍ എന്നിങ്ങനെ എല്ലാ ലൈസന്‍സുള്ള ചൈൽഡ് കെയർ സ്ഥാപനങ്ങൾക്കും ഫെഡറല്‍ ഗവണ്‍മെന്റുമായുള്ള ഈ കരാറിലൂടെ പിന്തുണ ലഭിക്കമെന്ന് പ്രീമിയര്‍ കെന്നി പറഞ്ഞു.

ഗ്രാന്റുകളുടെ പ്രവര്‍ത്തനം,സബ്‌സിഡി പ്രോഗ്രാമുകള്‍ എണ്ണം കൂട്ടുക, വരുമാനം കുറഞ്ഞ കുടുംബങ്ങളെ സഹായിക്കുക, ചൈൽഡ് കെയർ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ക്കായിരിക്കും പുതിയ കരാറിലൂടെ ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കുക. 

ആല്‍ബെര്‍ട്ടയിലെ ചൈൽഡ് കെയർ സ്ഥാപനങ്ങളില്‍ പകുതിയിലേറെയും സ്വകാര്യ സ്ഥാപനങ്ങളാണ്.