സ്‌കാമുകളിലൂടെ ഈ വർഷം ഇത് വരെ കാനഡക്കാർക്ക് നഷ്ടമായത് 163 മില്യണിലധികം ഡോളര്‍

By: 600007 On: Nov 16, 2021, 8:03 AM

സ്‌കാമുകളിലൂടെ ഈ വർഷം ഇത് വരെ കാനഡക്കാർക്ക് 163 മില്യണിലധികം ഡോളര്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ആന്റി ഫ്രോഡ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 33,000 റിപ്പോര്‍ട്ടുകളാണ് ഏജന്‍സിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

15 വ്യത്യസ്ത തരത്തിലുള്ള തട്ടിപ്പുകളിലൂടെ 1 മില്യണ്‍ ഡോളറെങ്കിലും ഇരകള്‍ക്ക് നഷ്ടമായെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ജനുവരി 1നും സെപ്തംബര്‍ 30നും ഇടയിൽ ഇൻവെസ്റ്റ്മെന്റ് സ്‌കാമിലൂടെ ആണ്. ഇക്കാലയളവില്‍ 1,145 പേരാണ് തട്ടിപ്പിന് ഇരകളായത്. 61.5 മില്യണ്‍ ഡോളറിന് മുകളിലാണ് ഇവർക്ക് നഷ്ടമായത്. അതായത് ഒരാള്‍ക്ക് ഏകദേശം 54,000 ഡോളര്‍ നഷ്ടമായി.

പ്രണയം നടിച്ചുള്ളതായിരുന്നു മറ്റൊരു തട്ടിപ്പ്. പ്രണയം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം പണം തട്ടിയെടുക്കുന്നതാണ് രീതി. വ്യാജ ബിസിനസ് സ്ഥാപനത്തിലോ മറ്റോ പണം നിക്ഷേപിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഏകദേശം 671 പേരാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരകളായത്. ഇവര്‍ക്ക് ഏകദേശം 32 മില്യണ്‍ ഡോളര്‍ നഷ്ടമായെന്നാണ് കണക്ക്.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ തട്ടിപ്പാണ് ഇത്. 4,549 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.