600 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം കാണാം വെള്ളിയാഴ്ച

By: 600007 On: Nov 16, 2021, 7:49 AMആറ് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം വെള്ളിയാഴ്ച സംഭവിക്കും. ഇഎസ്ടി സമയം 2.18നായിരിക്കും ചന്ദ്രഗ്രഹണമെന്ന് നാസ അറിയിച്ചു.  പുലര്‍ച്ചെ 4.02ഓടെ ചന്ദ്രന്റെ 97 ശതമാനം മറഞ്ഞുപോകും. ഇത് പൂര്‍ണചന്ദ്രഗ്രഹണമല്ലാത്തതുകൊണ്ട് തന്നെ ചന്ദ്രന്റെ മുഴുവന്‍ ഭാഗവും മൂടപ്പെടില്ല.

ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഗ്രഹണം പുലര്‍ച്ചെ 5.47ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണിതെന്ന് ഇന്ത്യാനയിലെ ബട്ട്ലര്‍ സര്‍വകലാശാലയിലെ ഹോള്‍കോംബ് ഒബ്‌സര്‍വേറ്ററി അഭിപ്രായപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കുമിതെന്ന് നാസ പറഞ്ഞു. വടക്കേ അമേരിക്കയിലും പസഫിക്കിലും തെക്കേ അമേരിക്ക, ഓസ്ട്രേലിയ, കിഴക്കന്‍ ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച് ചന്ദ്രഗ്രഹണങ്ങൾ സാധാരണയായി വർഷത്തിൽ രണ്ടുതവണ ആണ് സംഭവിക്കുന്നത്. വെള്ളിയാഴ്ചത്തെ ചന്ദ്രഗ്രഹണം കാണാൻ സാധിച്ചില്ലെങ്കിൽ, 2022 മെയ് 16-ന് ആണ് അടുത്തത് ദൃശ്യമാവുക. കാനഡയുടെ ഭൂരിഭാഗം ഭാഗങ്ങളിലും പൂർണ ചന്ദ്രഗ്രഹണം ഭാഗികമായെങ്കിലും ദൃശ്യമാകും എന്നാണ് റിപ്പോർട്ടുകൾ.