ശക്തമായ മഴ; ബീസിയിൽ  വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 

By: 600007 On: Nov 16, 2021, 3:57 AM

തെക്കൻ ബ്രിട്ടീഷ് കൊളംബിയയിലുടനീളം കനത്ത മഴ മൂലം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഏകദേശം  229 മില്ലിമീറ്റർ മഴയാണ് ബീസിയുടെ ചിലഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കം മൂലം ബീസിയിലെ മെറിറ്റ് നഗരത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷം  ഇവാക്യൂവേഷൻ ഉത്തരവ് പ്രഖ്യാപിച്ചു. ഏകദേശം 7,100 പേരെയാണ് മെറിറ്റ് സിറ്റിയിൽ നിന്ന് മാറി താമസിക്കുവാൻ നിർദ്ദേശിച്ചിട്ടുള്ളത്. മറ്റെവിടെയും പോകാൻ കഴിയാത്ത ആളുകൾ കാംലൂപ്‌സിലെയും കെലോനയിലെയും എമർജൻസി സർവീസ് സെന്ററുകളിലേക്ക് പോകാൻ സർക്കാർ നിർദ്ദേശിക്കുന്നു. അബോട്ട്‌സ്‌ഫോർഡിലും തോംസൺ-നിക്കോള റീജിയണൽ ഡിസ്‌ട്രിക്‌റ്റിലും ഇവാക്യൂവേഷൻ ഉത്തരവിട്ടിട്ടുണ്ട്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പ്രവിശ്യയിലെ നിരവധി പ്രധാന ഹൈവേകൾ അടച്ചു. നിരവധി ആളുകളാണ് ഒറ്റപ്പെട്ടിട്ടുള്ളത്. അഗാസിസിനടുത്തുള്ള ഹൈവേ 7 ന്റെ ഒരു ഭാഗത്ത് 80 മുതൽ 100 ​​വരെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ കുടുങ്ങിയതായി തിങ്കളാഴ്ച രാവിലെ പ്രവിശ്യ അറിയിച്ചു. കനേഡിയൻ സായുധ സേനയുൾപ്പെടെ പ്രൊവിൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോവർ മെയിൻലാൻഡ്, സൺഷൈൻ കോസ്റ്റ് മേഖലയിൽ ഏകദേശം 60,000 വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി എന്നാണ് റിപ്പോർട്ടുകൾ.