യുഎസിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തുന്നു. കോവിഡ് കാലത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്തുണ്ടായ വിദ്യാര്‍ഥികളുടെ എണ്ണത്തിലെ കുത്തനെയുള്ള കുറവില്‍ നിന്നുള്ള തിരിച്ചുവരവിന് ഇതുവരെ സാധിച്ചിട്ടില്ല. അക്കാദമിക് എക്‌സ്‌ചേഞ്ചില്‍ നേരിടുന്ന തടസമാണ് ഇതിന് പ്രധാന കാരണം.
അതേസമയം ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളിലുണ്ടായ വര്‍ധനവ് നല്ല സൂചനയായാണ് സര്‍വകലാശാലകളും യുഎസ് ഉദ്യോഗസ്ഥരും കാണുന്നത്. ഇത് സര്‍വകലാശാലകളുടെയും അമേരിക്കന്‍ കോളേജുകളുടെയും തിരിച്ചുവരവിന് സഹായിക്കുമെന്നാണ് കണക്കുക്കൂട്ടുന്നത്. കോവിഡിന് മുമ്പുള്ള തലത്തിലേക്ക് സര്‍വകലാശാലകള്‍ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
പുതിയ എന്റോള്‍മെന്റുകള്‍ ഈ വര്‍ഷം 68% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 46% കുറവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയൊരു വര്‍ധനവ് തന്നെയാണ്. വേനല്‍ക്കാലത്ത്, ഡെല്‍റ്റ വേരിയന്റ് തിരിച്ചടിയാകുമോയെന്ന ആശങ്കയിലായിരുന്നു യുഎസ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരെങ്കിലും പല സര്‍വകലാശാലകളിലും അത്തരമൊരു തിരിച്ചടി നേരിടേണ്ടിവന്നില്ല.
ഓഗസ്റ്റില്‍, ഇന്ത്യയിലെ യുഎസ് എംബസിയും കോണ്‍സുലേറ്റും റിപ്പോര്‍ട്ട് ചെയ്തത്, കോവിഡിന് രണ്ട് മാസം വൈകി നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോഴും 55,000 വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് വിസ നല്‍കിയെന്നാണ്.
കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കുത്തനെയുള്ള കുറവാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വരവില്‍ രേഖപ്പെടുന്നത്തുന്നതെങ്കിലും സര്‍വകലാശാലകളും ജീവനക്കാരും ശുഭാപ്തിവിശ്വാസത്തില്‍ തന്നെയാണ്. കൂടുതല്‍ വാക്‌സിനുകള്‍ വിദേശത്തേക്ക് അയച്ചും, യാത്രാ നിരോധനം എടുത്തുമാറ്റി യാത്ര തടസ്സങ്ങള്‍ കുറച്ചതും പ്രതീക്ഷയോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്.