അതിര്‍ത്തി തുറന്നതിന് പിന്നാലെ കനേഡിയന്‍ വിമാനത്താവളങ്ങളില്‍ വിദേശയാത്രക്കാരുടെ തിരക്ക്

By: 600007 On: Nov 15, 2021, 8:13 PM



അതിര്‍ത്തി തുറന്നതിന് ശേഷം കനേഡിയന്‍ വിമാനത്താവളങ്ങളില്‍ വിദേശ യാത്രക്കാരുടെ എണ്ണം 14 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം കോവിഡ് നിയന്ത്രണ നടപടികള്‍ ലഘൂകരിക്കുകയും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത വ്യക്തികള്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കാനഡയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ മാസത്തില്‍ കനേഡിയന്‍ വിമാനത്താവളങ്ങളില്‍ 263,400 നോണ്‍-റെസിഡന്റ്‌സ് എത്തിച്ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 14 മടങ്ങ് വര്‍ദ്ധനയാണിതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം കാനഡയിലേക്ക് എത്തിയ വിദേശികളില്‍ 114,200 പേര്‍ അമേരിക്കയില്‍ നിന്നും 149,200 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.

അതേസമയം നവംബര്‍ 30ഓട് കൂടി കാനഡയിലെ എട്ട് വിമാനത്താവളങ്ങള്‍ കൂടി അന്താരാഷ്ട്ര യാത്രകള്‍ക്കായി തുറക്കുമെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര ഈ മാസം ആദ്യം പ്രഖ്യാപിച്ചിട്ടുണ്ട്.