പോസ്റ്റ്‌മോര്‍ട്ടം രാത്രിയിലും നടത്താം; പുതിയ വിജ്ഞാപനമിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

By: 600007 On: Nov 15, 2021, 3:45 PM

മികച്ച സാങ്കേതിക സംവിധാനത്തോടെ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആശുപത്രികള്‍ക്ക് അനുവാദം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിര്‍ണായക മാറ്റം. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ  ക്രിമിനല്‍ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കുവെന്നും വ്യവസ്ഥയിലുണ്ട്. 

വിഷയത്തില്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്. രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ് ജനറല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന യോഗം വിലിയിരുത്തിയിരുന്നു. ചില ആശുപത്രികളില്‍ ഇത്തരത്തില്‍ മികച്ച സങ്കേതിക സംവിധാനത്തോടെ നിലവില്‍ രാത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താറുണ്ടെന്നത് യോഗം ചര്‍ച്ച ചെയ്തിരുന്നു. വര്‍ഷങ്ങളായി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില  സ്ഥാപനങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നുണ്ടായിരുന്നു.  

Content Highlights: Government tweaks norms to allow post-mortem at night at hospitals with adequate infrastructure