ഇടുക്കി ഡാമില്‍ റെഡ് അലെര്‍ട്ട്

By: 600007 On: Nov 14, 2021, 5:59 PM

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2,399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പുയര്‍ന്നു. 140.20 അടി വെള്ളമാണ് ഇപ്പോഴുളളത്. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 2250 ഘനയടിയായി വര്‍ധിപ്പിച്ചു.

പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജലനിരപ്പുയരുന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 67 കുടുംബങ്ങളിലെ 229 പേരെ ക്യാംപുകളിലേക്ക് മാറ്റി.

മഴ കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: idukki dam red alert