ഡിബിൻ റോസ് ജേക്കബ് എഴുതുന്നു
Black lives matter.
Not just in America.
വോട്ടർപട്ടികയിൽ പേരില്ലാത്തവർ.
റേഷൻ കാർഡില്ലാത്തവർ.
ജാതി സർട്ടിഫിക്കറ്റ് കിട്ടാത്തവർ.
ആർക്കും തല്ലാവുന്നവർ, കൊല്ലാവുന്നവർ.
സ്വദേശത്ത് അപരവൽകൃതർ.
ആദിവാസികൾ.
അമേരിക്കയിലെ കറുത്തവന്റെ അവകാശത്തെ പറ്റി വാചാലരാവുന്നവർ. സ്വന്തം നാട്ടിലെ വർണവിവേചനത്തിനു നേരെ
കണ്ണടയ്ക്കും. അമേരിക്കൻ പൊലീസിന്റെ നരനായാട്ടിനെ അപലപിക്കുന്നവർ ഇന്ത്യൻ പൊലീസിന്റെ തേർവാഴ്ചയെ മറക്കും.
ഇന്ത്യ വിവേചനത്തിന്റെ വിളനിലമാണ്. ജാതിയും വർണവും അതിന്റെ സിരകളിൽ ഒഴുകുന്നു. ആദിവാസി മരിക്കുമ്പോൾ
പൊളിറ്റിക്കലി കറക്ടാവാൻ സാമൂഹ്യ മാധ്യമത്തിൽ ഘോരഘോരം എഴുതി നിർവൃതിയടയും. ഏറിവന്നാൽ രണ്ടു പൊട്ടക്കവിതയെഴുതും, തെരുവ് നാടകം കളിക്കും. ആദിവാസികളുടെ സ്ഥിതി അതുപോലെ തുടരും.
~
സർവവ്യാപിയായ ഇരുട്ടിൽ സ്വയം പ്രകാശിക്കുന്നവരുമുണ്ട്. സ്വജീവിതം അപരന് ഉപകരിക്കണമെന്ന് ആഗ്രഹമുള്ളവർ.
ജാതിപ്പേരും പദവിപ്പേരും പതിയുന്നതിനു മുമ്പ് മനുഷ്യനായി ജനിച്ചവർ, എല്ലാ ഉടയാടകളും ഉപേക്ഷിച്ച് മനുഷ്യനായി മരിക്കുന്നവർ. ഇടയിലുള്ള ആയുസ്സിൽ മനുഷ്യനായി ജീവിക്കാൻ തീരുമാനിച്ചവർ. ജസ്റ്റിസ് ചന്ദ്രുവിനെ പോലുള്ളവർ. ഇങ്ങനെയും ചില മനുഷ്യരുണ്ടെന്ന് നമ്മെ ധരിപ്പിക്കുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ പരാജയമാണ്. ഇവിടെ നല്ല വാർത്തകൾ ആർക്കും വേണ്ട. അവർ 'സുവാർത്ത' എന്നൊരു പുതിയ കോളം തുടങ്ങിയിട്ടുണ്ട്, ഏറിയ കൂറും ദുർവാർത്തയാണ് നൽകുന്നതെന്ന് അവരങ്ങനെ സമ്മതിക്കുന്നു. അർഹതയുള്ളവർക്ക് അംഗീകാരം നൽകുന്നതിൽ സർക്കാരും സമൂഹവും തോൽവിയാണ്. സാമൂഹ്യസേവകർ ബഹുമാനം ചോദിച്ചു വാങ്ങാറില്ല, അവർ നിശ്ശബ്ദമായി തങ്ങളുടെ ദൗത്യം നിർവഹിക്കും. ഒരു ചെറിയ വിളക്കെങ്കിൽ അത്,ബഹളമില്ലാതെ തെളിക്കും, സമയമെത്തുമ്പോൾ സൗമ്യതയോടെ മരിച്ചു മാഞ്ഞു പോകും. അവരുടെ ശോഭ അപ്പോഴും നിലനിൽക്കും.
~
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരധ്യായമാണ് ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതം. സംവിധായകൻ
ജ്ഞാനവേൽ അതിന് തീക്ഷ്ണമായ ചലച്ചിത്ര ഭാഷ്യം നൽകി. മാറിയ മുൻഗണനകളുമായി മികച്ച നടനായി അതിവേഗം മുന്നേറുന്ന സൂര്യ പിന്തുണ നൽകി. അയാൾ നല്ല മനുഷ്യനാണെന്നും ബോധ്യമാകുന്നു. നാൽപ്പത് വയസ്സിലെങ്കിലും മനുഷ്യർ
ചിന്തിക്കേണ്ടതുണ്ട്- പദാർത്ഥങ്ങൾക്കും പദവികൾക്കും പിന്നാലെ പായുന്നതല്ലാതെ ജീവിതത്തിന് മറ്റു ലക്ഷ്യങ്ങൾ വേണമോ?
ഇനിയുള്ള കാലം എങ്ങനെയാണ് നിങ്ങളെ അടയാളപ്പെടുത്തേണ്ടത്? നിങ്ങൾക്ക് ശേഷമുള്ള ലോകം എങ്ങനെയാണ് നിങ്ങളെ
ഓർക്കേണ്ടത്? മരണശേഷം ആരോർത്താലും ഇല്ലെങ്കിലും അതു നിങ്ങളെ ബാധിക്കുന്നില്ല. പക്ഷേ സ്വാധീനശക്തിയുള്ള ജീവിതം നയിച്ചവരെ പിൻതലമുറയ്ക്ക് എളുപ്പത്തിൽ മറക്കാനാവില്ല. കേന്ദ്രകഥാപാത്രമായ നീതി തേടുന്ന ആദിവാസി യുവതിയെ അവതരിപ്പിച്ച മലയാളി ലിജോമോൾ നായകനായ സൂര്യക്കൊപ്പമോ ഒരുപടി മുകളിലോ അഭിനയ മികവ് പുലർത്തി.
നായകന് ഒരു തരത്തിലുമുള്ള താരപദവിയും അനുവദിക്കാത്ത തിരക്കഥ, പരാതിയില്ലാതെ അതിനു വഴങ്ങിയ സൂര്യ. ഹീറോയിസത്തിന് പഞ്ച് ഡയലോഗോ വയലൻസോ വേണമെന്നില്ല. കയ്യടി പ്രതീക്ഷിക്കാതെ തന്റെ പണി അന്തസ്സായി ചെയ്യുന്നവരാണ് യഥാർത്ഥ നായകർ.
~
'ജയ്ഭീമിലെ' നായകൻ ഇടതുപക്ഷമാണ്. ഒരു രാഷ്ട്രീയ പാർട്ടിയേയും മഹത്വവൽക്കരിക്കാത്ത അയാൾ മനുഷ്യ പക്ഷമാണ്, അയാളെ സ്വാധീനിച്ച ദർശനങ്ങൾ പ്രകടവുമാണ്- വായന മുറിയിൽ മാർക്സും ലെനിനും ബുദ്ധനും അംബേദ്കറും. 'ജയ്ഭീമിലെ' ഇടതുപക്ഷം ഇന്ന് ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്. ആധുനിക ഇന്ത്യൻ ചൂഷക സമൂഹത്തിൽ ഒത്തുതീർപ്പിനും കലർപ്പിനും വഴങ്ങാത്ത യഥാർത്ഥ ഇടതുപക്ഷം നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സിനിമ അടിവരയിടുന്നുണ്ട്. 'ജയ് ഭീം'- അത് ദളിതരിൽ നിന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം നേടിയവരുടെ മുദ്രാവാക്യമാണ്.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്. ജാതി വിവേചനമില്ലാത്ത നിലനിൽപ്പാണ് അവരുടെ പ്രതീക്ഷ.
'ജയ് ഭീം'- അത് ഇന്ത്യയുടെ നവശിൽപികളിൽ ഒരാളായ ഭീം റാവു അംബേദ്കറെ ബഹുമാന സൂചകമായി സംബോധന ചെയ്യാനും ഉപയോഗിച്ചിരുന്നു. ദളിതരുടെ മുഖ്യധാരയിലേക്കുള്ള യാത്ര ഇപ്പോഴും പാതിവഴിയിൽ. സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 74 വർഷം ഒരു ചെറിയ കാലയളവാകാം, ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ഇപ്പോഴും ചെറുപ്പമാകാം; മുന്നോട്ടു പോകുമ്പോൾ അനീതികൾ കുറഞ്ഞേക്കാം. സമത്വം ദൂരെയാണ്, എന്നാൽ അസാധ്യമല്ല. ചന്ദ്രുവിനെ പോലുള്ളവരിലാണ് പ്രതീക്ഷ, അവർ മൂലം ബോധോദയം നേടുന്ന മനുഷ്യരിലും.