Story Written By, Abraham George, Chicago.
പിന്നീട് ഞാനും വത്സലയും ഞാറ്റുപുരയിൽ ഒന്നിച്ചു കൂടും. അതൊരു ഹരമായി മാറി. അപകടം അടുത്തു തന്നെയുണ്ടന്ന് അന്നേയറിയാമായിരുന്നു. എങ്ങനെ വിവാഹം കഴിക്കുമെന്നതിനെക്കുറിച്ച് പലപ്പോളും ആലോചിച്ചു. ഒരിക്കലും അതിനുത്തരം കിട്ടിയില്ല. എന്തെങ്കിലും ഒരു വഴി കാണുമെന്ന പ്രതീക്ഷയോടെ മുന്നോട്ട് പോകുമ്പോളാണ് പ്രശ്നങ്ങൾ ഉദിച്ചത്. പ്രശ്നം ഇത്രക്ക് ഗുരുതരമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സഹപാഠി മാധവൻ പറഞ്ഞു:
"ഇനി ഇതൊക്കെ പറഞ്ഞിരുന്നിട്ട് എന്തിനാ അബു, അവൾ പോയി, അവൾ എന്നെന്നെക്കുമായി ഭൂമിവിട്ട് പോയി. മനസ്സ് സ്വസ്ഥമാക്കി ജീവിക്കാൻ നോക്ക്. ജീവിച്ചല്ലേ പറ്റൂ, അല്ലാതെ മരിക്കാൻ പറ്റോ?"
അബു പറഞ്ഞു: "എന്നാലും അവളുടെ മരണവിവരം അറിയണ്ടെ? ഹൃദയത്തിനു തുല്യം സ്നേഹിച്ച, ഒരേ ശരീരമായി ജീവിച്ച അവൾ മരിച്ചതെങ്ങനെയെന്ന് അറിയാനുള്ള അവകാശം എനിക്കില്ലെ? എന്ത് സംഭവിച്ചാലും ഞാൻ അവളുടെ വീട്ടിൽ പോകും, വിവരങ്ങൾ അറിയും."
കൂട്ടുകാരിലൊരാൾ പറഞ്ഞു: "നീ പോയി വിവരങ്ങൾ അറിയുന്നതിൽ തെറ്റില്ല. ഇനി അവർ നിന്നെയൊന്നും ചെയ്യാനും പോകുന്നില്ല. പക്ഷെ ഞാനൊന്ന് ചോദിക്കട്ടെ അബു, അറിഞ്ഞിട്ടെന്തിനാണ്, വത്സല മരിച്ചുയെന്നുള്ളത് സത്യമാണ്. അതു കഴിഞ്ഞു, നിനക്ക് മറക്കാൻ ബുദ്ധിമുട്ടാണന്നും അറിയാം, എന്നാലും മറന്നല്ലേ പറ്റൂ."
മൊയ്തു പറഞ്ഞു "ഞങ്ങൾക്ക് നിൻ്റെ വിഷമം മനസ്സിലാകും. കുട്ടിക്കാലം മുതലെയുള്ള നിൻ്റെ ബന്ധമാണ് അറ്റുപോയത്. നിൻ്റെ ദുഃഖം ഞങ്ങളുടെതുകൂടിയാണന്ന് മനസ്സിലാക്കണം. ഞങ്ങളൊരു കാര്യം പറയട്ടേ, നീ എല്ലാം മറക്കുക, ഒരു വിവാഹം കഴിക്കുക, അപ്പോൾ നിൻ്റെ മനസ്സ് സ്വസ്ഥമാകും, അല്ലാതെ മറ്റൊരു വഴിയും ഞങ്ങൾ കാണുന്നില്ല."
അബു പറഞ്ഞു "എനിക്കെല്ലാം അറിയണം, അവൾ മരിച്ചത് എങ്ങനെയാണന്ന് അറിഞ്ഞേ പറ്റു. ആര് കൂടെ വന്നില്ലെങ്കിലും ഞാൻ പോകും."
"എന്നാൽ മാധവനെയും കൂട്ടി നീ പോകൂ," മൊയ്തു പറഞ്ഞു. "വിവരങ്ങളെല്ലാം അറിഞ്ഞ് മനസ്സ് സ്വസ്ഥമാക്ക്. അത്രേ ഞങ്ങൾക്ക് പറയാനുള്ളൂ."
അബുവും മാധവനും കാഞ്ഞിരമറ്റം ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. അവരൊര ഓട്ടോയിൽ വത്സലയുടെ വീടിനു മുന്നിലെത്തി. മഴ കുറഞ്ഞിരുന്നു. നനഞ്ഞുതന്നെ വത്സലയുടെ വീട്ടുമുറ്റത്തെക്ക് കയറി. വരാന്തയിൽ അസ്ഥികൂടം പോലത്തെ ഒരാൾ ഇരുപ്പുണ്ടായിരുന്നു. സൂഷ്മ നോട്ടത്തിൽ അത് രാഘവൻനായർ തന്നെയെന്ന് മനസ്സിലായി. അബു മുരടനക്കി ചോദിച്ചു:
"രാഘവൻ നായരല്ലേ? " അതെയെന്ന ഭാവത്തിലയാൾ തലയുയർത്തി നോക്കി.
"ഞാൻ അബു കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ നിന്നുമെത്തിയത്."
പൊട്ടിക്കരഞ്ഞുകൊണ്ടയാൾ പറഞ്ഞു: "എല്ലാം തീർന്നു മോനെ, നിന്നെയറിയാൻ ഞങ്ങൾ താമസിച്ചു പോയി. അവളെ ഞങ്ങൾ കൊന്നു. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. ജാതിയും മതവും നോക്കി പിന്നാലെ പോയപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് പൊന്നുമോളെയാണ്. ഇനി ഞങ്ങൾ ആർക്കു വേണ്ടി ജീവിക്കണം, എല്ലാം നശിച്ചു. അകത്ത് അവളുടെ അമ്മ തളർന്ന് കിടപ്പുണ്ട്. ഇപ്പോൾ ഒരു മതക്കാരും ഞങ്ങളുടെ പിന്നാലെയില്ല. പൂർണ്ണ സ്വാതന്ത്ര്യമാണ്. പക്ഷെ നിനക്ക് തരാൻ എൻ്റെ മകളില്ലായെന്നു മാത്രം."
ഞങ്ങൾ എന്താണ് പറയേണ്ടതെന്നറിയാതെ നിശ്ബ്ദരായി നിന്നു. രാഘവൻ നായർ തുടർന്നു " അകത്തേക്ക് കയറൂ, അവളുടെ അമ്മയെയൊന്നു കാണു. എന്നാലും നീ വന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മോനെ ഞാൻ അങ്ങനെ വിളിച്ചോട്ടേ, നീ സ്ഥലത്തുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. എല്ലാം കഴിഞ്ഞില്ലേ, ഇനി പറഞ്ഞിട്ടെന്തിനാണ്. അവൾ ഓടി രക്ഷപ്രാപിക്കാൻ നിൻ്റെ കുടുംബത്ത് വന്നപ്പോൾ തടയാതിരുന്നെങ്കിൽ, എൻ്റെ പുന്നാരമോള് എവിടെയെങ്കിലും ജീവിച്ചിരുന്നേനെ. ഞാനൊരു ദുഷ്ടനാണ്, സ്നേഹത്തിൻ്റെ വിലയറിയാത്ത പരമവിഡ്ഢി. അബു നീ അറിഞ്ഞിരിക്കണം. സത്യത്തിൽ ഞാനവളെ കൊന്നതാണ്. മനസ്സാ വാചാ കർമ്മണാ ഞാനറിയാതെ അവളെ കൊന്നു. എൻ്റെ പ്രീയപ്പെട്ട മകളെ ഞാൻ കൊന്നു. എങ്ങനെയാണന്ന് അറിയണ്ടേ? സത്യം ഞാൻ പറയാം, ഇതിനു വേണ്ടി എന്ത് ജയിൽ ശിക്ഷയുമേൽക്കാൻ ഞാൻ തയ്യാറാണ്. അന്ന് ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വത്സലമോള് സമ്മതിച്ചില്ല. അതിനെച്ചൊല്ലി കടുത്ത വഴക്കുണ്ടായി. അവൾ ശക്തമായ ഭാഷയിൽ പറഞ്ഞു: "എനിക്കീ വിവാഹം വേണ്ട." അപ്പോളത്തെ ദേഷ്യത്തിൽ ഞാനവളെ അടിച്ചു. അവൾ തലകറങ്ങി താഴേ വീണു. ഞാനത് ശ്രദ്ധിച്ചില്ല, ഞാൻ അടുത്ത മുറിയിലേക്ക് പോയി. അരമണിക്കൂറായി കാണും, തിരികെവന്നു നോക്കുമ്പോൾ അവൾ അവിടെ തന്നെ കിടക്കുന്നു. പെട്ടെന്ന് ഞങ്ങൾ പേടിച്ചു പോയി. നാഡിയിടിപ്പും ശ്വാസവും പരിശോധിച്ചുനോക്കി. യാതൊരു അനക്കവുമില്ല. അവൾ മരിച്ചുവെന്ന് തീർച്ചപ്പെടുത്തി. സ്വന്തം മകളായിട്ടുപോലും പെട്ടെന്ന് രക്ഷപെടാനുള്ള വഴിയാണ് നോക്കിയത്. സ്വന്തം അച്ഛനും അമ്മയും കൂടിയാണവളെ ഫാനിൽ കെട്ടിത്തൂക്കിയത്, അവൾ മരിച്ചിരുന്നില്ല, എൻ്റെ പൊന്നുമോള് ഫാനിൽ കിടന്ന് കൈകാലുകൾ അടിച്ച് മരിക്കുന്നത് ഞങ്ങൾ നേരിൽ കണ്ടതാണ്. ഞങ്ങൾ കൊലപാതികളാണ് മക്കളെ. നിങ്ങൾ പോലീസിൽ പറഞ്ഞ് ഞങ്ങൾക്ക് ശിക്ഷ വാങ്ങിച്ചു തരണം."
അയാൾ അപേക്ഷിച്ചു. അബുവും മാധവനും നിശ്ചലനായിപ്പോയി. അബു പറഞ്ഞു:
"നിങ്ങളിപ്പോൾ അനുഭവിക്കുന്ന ശിക്ഷ, ജയിൽ ശിക്ഷയിലും വലുതാണ്, വെന്ത് വെന്ത് നീറുന്ന ഈ വേദനയുടെയത്രം വരില്ല ജയിൽ ശിക്ഷ."
--------തുടരും----------