സാൽമൊണെല്ല അണുബാധ വ്യാപനം ; മുന്നറിയിപ്പ് നൽകി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി 

By: 600007 On: Nov 13, 2021, 1:25 AM

ബീസി, ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, ഒന്റാരിയോ എന്നീ പ്രൊവിൻസുകളിൽ വ്യാപിക്കുന്ന സാൽമൊണല്ല അണുബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC). അണുബാധയുടെ കാരണം പൂർണ്ണമായും വ്യക്തമായിട്ടില്ല എന്നും അന്വേഷണം തുടരുകയാണെന്ന് വെള്ളിയാഴ്ച  പിഎച്ച്എസി ന്യൂസ് റിലീസിൽ അറിയിച്ചു. ബിസിയിൽ 18, ആൽബെർട്ടയിൽ 18, സസ്‌കാച്ചെവാനിൽ 3 , മാനിറ്റോബയിൽ 6 , ഒന്റാരിയോയിൽ 1 കേസ് ഉൾപ്പടെ നവംബർ 10 വരെ 46 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒന്റാരിയോയിൽ റിപ്പോർട്ട് ചെയ്ത കേസ് ആൽബർട്ടയിലേക്ക് യാത്ര ചെയ്തതിനെ തുടർന്നുള്ളതാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. സാൽമൊണെല്ല അണുബാധയെ തുടർന്ന് ചില സവാള ബ്രാൻന്റുകൾക്ക് ഈ ആഴ്ച കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) റീകോൾ നോട്ടീസ് നൽകിയിരുന്നു. 

സാൽമൊണെല്ല അണുബാധയുടെ ലക്ഷണങ്ങൾ സാധാരണയായി ബാക്ടീരിയ ബാധ ഉള്ള ഉല്പന്നം കഴിച്ചതിനുശേഷം ആറ് മുതൽ 72 മണിക്കൂറിനുള്ളിൽ വരെയാണ് ആരംഭിക്കുക .പനി, വിറയൽ, വയറിളക്കം, വയറുവേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. സാൽമൊണല്ല ബാക്ടീരിയ ബാധ കൊണ്ട് ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുർഗന്ധം ഉണ്ടാവുകയോ ഇല്ല. പച്ചക്കറികൾ/പഴവർഗ്ഗങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകാനും,  പച്ചക്കറികളിൽ കേടായ ഭാഗങ്ങൾ മുറിച്ചുമാറ്റുവാനും പിഎച്ച്എസി നിർദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾ https://www.canada.ca/en/public-health/services/public-health-notices/2021/outbreak-salmonella-infections. എന്ന ലിങ്കിൽ ലഭ്യമാണ്.