റേഷന്‍ കാര്‍ഡിലെ പിശക് തിരുത്താന്‍ തെളിമ പദ്ധതി

By: 600007 On: Nov 12, 2021, 3:39 PM

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള തെളിമ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ ഗുണഭോക്താക്കളുടേയും ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വന്ന പിശകുകള്‍ തിരുത്തുന്നതിനായാണ് തെളിമ പദ്ധതി. അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകള്‍, എല്‍.പി.ജി, വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ അനുവദിക്കും. ഡിസംബര്‍ 15 വരെയാണ് ക്യാംപെയിന്‍. 

2022 ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കുമെന്നു മന്ത്രി വ്യക്തമാക്കി. റേഷന്‍ കാര്‍ഡുകളുടെ പരിവര്‍ത്തനം, കാര്‍ഡിലെ വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Thelima project for correction in ration cards