രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

By: 600007 On: Nov 12, 2021, 2:43 PM

 

   
രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്എ) ഭേദഗതി ചെയ്യും. എന്നാല്‍ ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും.

ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാക്കുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ആലോചിക്കുന്നത്. സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ട്.

എന്‍ഡിപിഎസ്എ നിയമത്തിന്റെ 27ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ലഹരി ഉപയോഗം കുറ്റമല്ലാതാകും. ഇത്തരക്കാര്‍ക്ക് 30 ദിവസത്തെ കൗണ്‍സിലിങ് നല്‍കും. 

അതേസമയം എത്ര അളവില്‍ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കും. 

content highlights: drug use is not a crime, cetnral government plans to amend the law