നോണ്‍ വെജ് ഭക്ഷണങ്ങള്‍ പരസ്യമായി വില്‍ക്കുന്നതിന് വഡോദരയില്‍ വിലക്ക്

By: 600007 On: Nov 12, 2021, 2:36 PM

സസ്യേതര വിഭവങ്ങള്‍ പരസ്യമായി വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നഗരത്തിലെ വഴിയോര കടകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന എല്ലാത്തരം സസ്യേതര വിഭവങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാക്കാലുള്ള നിര്‍ദേശം. 

മത്സ്യം, മാംസം, ചിക്കന്‍, മുട്ട എന്നിവയുള്‍പ്പെടെ എല്ലാത്തരം സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരും റെസ്‌റ്റോറന്റുകളും ഇവ പൊതുജനങ്ങള്‍ കാണാത്ത രീതിയില്‍ മറക്കണമെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു. എല്ലാ ഭക്ഷണശാലകളും പ്രത്യേകിച്ച് മത്സ്യം, മാംസം, മുട്ട തുടങ്ങിയവ വില്‍ക്കുന്നവര്‍ ശുചിത്വ കാരണങ്ങളാല്‍ ഭക്ഷണം നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. തിരക്കുള്ള പ്രധാന റോഡുകളുടെ സമീപമുള്ള കടകള്‍, ഭക്ഷണം അവിടെ നിന്ന് നീക്കം ചെയ്യണം. 

15 ദിവസത്തിനകം കച്ചവടക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമുള്ള തീരുമാനം നഗരസഭ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാളും ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥരും പറഞ്ഞത്. 

സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ മാംസ ഭക്ഷണം മാത്രം വില്‍ക്കുന്ന ഇടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇത്തരം കടകള്‍ പ്രധാന റോഡുകളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും ഗുജറാത്തിലെ രാജ്‌കോട്ട് മേയര്‍ നിര്‍ദ്ദേശം പാസാക്കിയതിന് പിന്നാലെയാണ് വഡോദര നഗരസഭയുടെ നീക്കം.

Content Highlights: Vadodara municipal corporation remove non-vegetarian food from public display