സുരക്ഷാഭീഷണി വാവേയ്ക്കും സെഡ്.ടി.ഇയ്ക്കും അമേരിക്കയില്‍ നിയന്ത്രണം 

By: 600007 On: Nov 12, 2021, 2:00 PM

ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ് (Huawei Technologies), സെഡ്.ടി.ഇ. കോര്‍പ് (ZTE Corp) എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാഭീഷണി സംശയിക്കുന്ന ഇരു കമ്പനികള്‍ക്കും യു.എസ്. അധികൃതരില്‍നിന്ന് പുതിയ ഉപകരണ ലൈസന്‍സ് നല്‍കുന്നത് വിലക്കുന്നതാണ് പുതിയ സെക്യുര്‍ എക്വിപ്‌മെന്റ് ആക്റ്റ്. 


ഒക്ടോബര്‍ 28ന് യു.എസ്. സെനറ്റ് ഐകകണ്‌ഠേനയാണ് നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ പരിശോധിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്യേണ്ടതില്ല. 2018 മുതല്‍ വാവേയുടെ 3000ല്‍ അധികം അപേക്ഷകള്‍ക്ക് കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു. വാവേയില്‍നിന്നും സെഡ്ടിഇയില്‍ നിന്നുമുള്ള ഭീഷണി ഉയര്‍ത്തുന്ന ഉപകരണങ്ങള്‍ അമേരിക്കയുടെ നെറ്റ് വര്‍ക്കില്‍ പ്രവേശിക്കുന്നത് പുതിയ നിയമം തടയും. 


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ബൈഡനും തമ്മില്‍ വിര്‍ച്വല്‍ സമ്മിറ്റ് നടക്കാനിരിക്കെയാണ് പുതിയ നിയമം പാസായിരിക്കുന്നത്. 


Content Highlights: Biden signs legislation to tighten U.S. restrictions on Huawei, ZTE