കേരളത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

By: 600007 On: Nov 12, 2021, 3:04 AM

കേരളത്തില്‍ വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥികളിലെ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സാംപിളുകള്‍ പരിശോധിച്ചത്.

കോളേജിലെ വനിതാ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളുടെ മലം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ രോഗലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിച്ച് രോഗം ഗുരുതരമാകും. 

മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയാലും രോഗം പകരും. വൈറസ് ബാധിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

Content Highlights: nora virus confirmed in kerala