'വത്സലയുടെ അനിയൻ ഉണ്ണി കൊല്ലപ്പെടുന്നത്..' വത്സല(ഭാഗം 8)

By: 600009 On: Nov 11, 2021, 4:33 PM

Story Written By, Abraham George, Chicago.

അബു പറഞ്ഞു: "നിങ്ങൾക്കറിയോ! ഞാനും വത്സലയും തമ്മിൽ കുട്ടിക്കാലം മുതലെയുള്ള ബന്ധമാണിത്.  ഇപ്പോൾ മൊയ്തുക്ക താമസിക്കുന്ന വീട്ടിലായിരുന്നു അവരുടെ താമസം. പണ്ടത്തെ ലഹള നടക്കുന്നതിനിടയിലാണ് വത്സലയുടെ കുടുംബം ഇവിടന്ന് താമസം മാറിയത്. അത് ബുദ്ധിപൂവ്വമുള്ള മാറ്റമായിരുന്നു. ലഹളയുടെ മൂലകാരണമെന്താണന്ന് നാട്ടുകാർക്ക് പലർക്കുമറിയില്ല. തുടക്കം ഞാനും വത്സലയും തമ്മിലുള്ള ബന്ധമായിരുന്നു. കൂട്ടുകാരായ നിങ്ങൾക്ക് പോലും വ്യക്തമായി അറിയില്ലായെന്നാണ് എനിക്ക് തോന്നുന്നത്.

മൊയ്തു പറഞ്ഞു: "എന്താ ഞങ്ങൾ ഈ നാട്ടുകാരായിരുന്നില്ലേ? ഞങ്ങൾക്കൊക്കെ വ്യക്തമായിയെല്ലാം അറിയാം. ഞങ്ങളല്ലെ പണമുണ്ടാക്കി നിന്നെ അബുദാബിക്ക് വിട്ടത്. എല്ലാം നീ മറന്നു പോയോ? ഞങ്ങളത് പാടി നടന്നില്ലായെന്നേയുള്ളൂ. നാട്ടുകാരെ മുഴുവൻ നിൻ്റെ പ്രണയകഥ അറിയിച്ചിട്ടെന്തിനാണന്ന് കരുതി. ഒരു കാര്യം നീ മനസ്സിലാക്കണം, ഞങ്ങൾ നിൻ്റെ കൂടെ ജീവൻ കളഞ്ഞാണ് നിലകൊണ്ടത്."

"അതല്ലാ മെയ്തു, ഞാനും വത്സലയും കുട്ടിക്കാലം മുതലെ സൃഹൃത്തുക്കളായിരുന്നു. ഞാനാണ് അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും മടക്കികൊണ്ടു വരുന്നതും. എന്നെ ഒരു ദിവസം കണ്ടില്ലായെങ്കിൽ അവൾ കരച്ചിലായിരിക്കും. അതുകൊണ്ട് ഞാനെപ്പോളും അവളുടെ കൂടെ വേണമെന്ന് വത്സലയുടെ വീട്ടുകാർക്ക് നിർബന്ധമായിരുന്നു. സ്കൂളിൽ നിന്ന് മടങ്ങുന്നൊരു ദിവസം, ഞാൻ ഒറ്റയടി പാതയിൽ നിന്നും തോട്ടിലേക്ക് വീണു. അന്നവൾ കരച്ചിലായിരുന്നു. രാത്രി മുഴുവൻ അവളെൻ്റെ വീട്ടിലിരുന്നു. ഞാനവളോട് പറഞ്ഞു: "എനിക്ക് വേദനയൊന്നുമില്ല, നീ വീട്ടിൽ പൊയ്ക്കോ, അന്നവൾ വീട്ടിൽ പോയില്ല." അവൾക്കന്ന് ആറോ ഏഴോ വയസ്സ് കാണും. അത്രക്ക് ഇഷ്ടമായിരുന്നു കുട്ടിക്കാലം മുതലേ അവൾക്കെന്നോട്. പറയാനാണങ്കിൽ എത്രയെത്ര കാര്യങ്ങൾ പറയാനുണ്ടന്നോ? തിരുവോണനാളുകളിൽ ഞങ്ങളുടെകുടുംബം മുഴുവൻ വത്സലയുടെ വീട്ടിലായിരിക്കും. മറക്കാനാവാത്ത ഒരു തിരുവോണം. അന്നാണ് വത്സലയുടെ അനിയൻ ഉണ്ണി കൊല്ലപ്പെടുന്നത്. എങ്ങനെയാണന്ന് അറിയണ്ടെ, അതൊരു ദയനീയമായ മരണമായിരുന്നു. വത്സല ആറാക്ലാസ്സിൽ പഠിക്കുന്നു, ഞാൻ എട്ടിലും, ഉണ്ണി രണ്ടാം ക്ലാസ്സിലും. ആ തിരുവോണ നാളിൽ എല്ലാവരും കൊണ്ടുപിടിച്ച ഊഞ്ഞാലാട്ടമായിരുന്നു. ഊഞ്ഞാലിൽ നിന്നും തെറിച്ച് കുളത്തിൽ വീണതാണ്. എല്ലാവരും സ്തംഭിച്ചു നിൽക്കുമ്പോൾ, പറമ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്ന ചോതിപ്പുലയൻ കുളത്തിലേക്ക് ചാടി ഉണ്ണിയെ എടുത്തു. അപ്പോളെക്കും ഉണ്ണിയുടെ ശ്വാസം നിലച്ചിരുന്നു. ആ തിരുവോണം സങ്കടമായി മാറി. പിന്നീട് ഒരിക്കലും വത്സലയുടെ വീട്ടിൽ ഞങ്ങളൊരുമിച്ച് ഓണം ആഘോഷിച്ചിട്ടില്ല. കാലം കടന്നു പോകവെ എൻ്റെയും വത്സലയുടെയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ആ പ്രണയം അസ്ഥിവരെ കാർന്നു തിന്നു. ഒരിക്കലും വേർപിരിക്കാനാവാത്ത വണ്ണം പ്രണയം വളർന്നു. ഞങ്ങളൊരുമിച്ച് തോട്ടുവക്കത്തും കുളക്കടവിലും മാഞ്ചോട്ടിലും ഒന്നിച്ചു. വത്സല മുതിർന്നപ്പോൾ ഒരുപാട് നിയന്ത്രണങ്ങൾ അവളുടെ വീട്ടുകാർ കൊണ്ടുവന്നു. ഞങ്ങൾ സംസാരിക്കുന്നതുപോലും നിയന്ത്രിച്ചു. മേത്തൻ്റെ കൂടെ അധികം ബന്ധം വേണ്ടന്നവർ കൽപ്പിച്ചു. അത് കൂടുതൽ ഒളിവിടങ്ങളിൽ കണ്ടുമുട്ടുവാൻ ഇടയാക്കി. ഒളിച്ചും പാത്തുമുള്ള കണ്ടുമുട്ടലായി. ഒരു ദിവസമെന്നെ കണ്ടില്ലായെങ്കിൽ അവർക്ക് വിഷമമാണന്ന് പറയാൻ തുടങ്ങി. അതുകൊണ്ടാണ് എത്ര പ്രയാസപ്പെട്ടാലും എന്നെവൾക്ക് കാണാനുള്ള അവസരമുണ്ടാക്കിയത്. അതാണ് ഇത്രയും പൊല്ലാപ്പുണ്ടാക്കിയതും. എല്ലാം സാവകാശത്തിലായിരുന്നെങ്കിൽ പരിഹാരം കാണാൻ കഴിഞ്ഞേനെ. ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. നടക്കാനുള്ളതെല്ലാം നടന്നില്ലേ?"

------തുടരും----------