അഫ്ഗാന്‍ വിഷയം: ഇന്ത്യയുടെ സുരക്ഷായോഗം ഉപേക്ഷിച്ച് പാക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈന

By: 600007 On: Nov 11, 2021, 12:33 AM

 


അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാതെ പാക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈന. ഡല്‍ഹിയില്‍ നടന്ന ഡല്‍ഹി റീജ്യനല്‍ സെക്യൂരിറ്റി ഡയലോഗില്‍ ചൈന പങ്കെടുത്തിരുന്നില്ല.

പാകിസ്താന്റെ ആഭിമുഖ്യത്തിലുള്ള 'ട്രോയ്ക പ്ലസ്' സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചു. സമയക്രമത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വാങ് വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്, ചൈന, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നയതന്ത്രജ്ഞര്‍ ഇസ്‌ലാമാബാദില്‍ നടക്കുന്ന ട്രോയ്ക ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, റഷ്യ, ഇറാന്‍, കസഖിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, തുടര്‍ക്‌മെനിസ്താന്‍, ഉസ്‌ബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് ന്യൂഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ നടന്ന സുരക്ഷായോഗത്തില്‍ പങ്കെടുത്തത്.

Content Highlights: China to paticipate in the pak summit to discuss afghan issues