18 വയസ്സിന് മുകളിലുള്ളവർക്കായി ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. നിലവിൽ കാനഡയിലെ ചില പ്രൊവിൻസുകളിൽ 70 വയസ്സിന് മുകളിലുള്ളവർക്കും രോഗ പ്രതിരോധശേഷി കുറഞ്ഞവർക്കും ഹെൽത്ത് കെയർ വർക്കേഴ്സിനും മൂന്നാം ഡോസ് ഇതിനകം നൽകിത്തുടങ്ങിയിട്ടുണ്ട്. സാധാരണ ഫൈസർ-ബയോഎൻടെക് വാക്സിനു സമാനമായുള്ളതാണ് ഫൈസറിന്റെ ബൂസ്റ്റർ ഡോസ്. ആദ്യത്തെ രണ്ട് വാക്സിൻ ഡോസുകൾ എടുത്തു കഴിഞ്ഞു കുറഞ്ഞത് ആറ് മാസമെങ്കിലും ആയവർക്കാവും ബൂസ്റ്റർ ഡോസ് നൽകുക. 2022 ന്റെ തുടക്കത്തോടെ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം ആറ് മുതൽ എട്ട് മാസത്തെ ഇടവേള കഴിഞ്ഞ 18 വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുവാൻ പല പ്രൊവിൻസുകളും ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യത്തെ രണ്ട് ഡോസുകളേക്കാൾ ശക്തി കുറഞ്ഞ മോഡേണ കോവിഡ് ബൂസ്റ്റർ ഡോസിന്റെ അനുമതിക്കായി മോഡേണ കമ്പനിയും ഹെൽത്ത് കാനഡയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.