സാൽമൊണല്ല ബാക്ടീരിയ ബാധ; കാനഡയിൽ ചില സവാള ബ്രാൻന്റുകൾക്ക് റീകോൾ നോട്ടീസ്

By: 600007 On: Nov 9, 2021, 8:38 PM

സാൽമൊണല്ല ബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഡോർസി ബ്രാൻഡ്, എംവിപി ബ്രാൻഡ്, പിയർ-സി ബ്രാൻഡ്, റിഗ ഫാംസ് ബ്രാൻഡ് സവാളകൾ തിരിച്ചുവിളിക്കുന്നതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) അറിയിച്ചു. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്ത മഞ്ഞ, വെള്ള സവാളകൾ  ഒന്റാരിയോ, ക്യൂബെക്ക്, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ ആണ് വില്പന ചെയ്തിട്ടുള്ളതെന്നും മറ്റു പ്രൊവിൻസുകളിൽ ഇത് വിതരണം ചെയ്തിട്ടുണ്ടാവാം എന്ന് സിഎഫ്ഐഎ പ്രസ്താവനയിൽ അറിയിച്ചു. ചില സ്ഥലങ്ങളിൽ ഇവ ബ്രാൻഡഡ് ബാഗിൽ അല്ലാതെ ചില്ലറ വിൽപ്പനയും നടത്തിയിട്ടുണ്ടാവാം. 

മേല്പറഞ്ഞ സവാള അടങ്ങിയ ഉൽപ്പന്നങ്ങളോ ഭക്ഷണങ്ങളോ കഴിക്കരുതെന്ന് സർക്കാർ ഏജൻസി ഉപഭോക്താക്കളോട് മുന്നറിയിപ്പ് നൽകുന്നു. ചില്ലറ വ്യാപാരികൾ, വിതരണക്കാർ, നിർമ്മാതാക്കൾ, റസ്റ്റോറന്റുകൾ ഈ ബ്രാൻഡ് സവാളകൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.മേല്പറഞ്ഞ ബ്രാൻഡഡ് സവാള കൈവശമുള്ള ഉപഭോക്താക്കൾ ഒന്നുകിൽ അവ നശിപ്പിക്കുകയോ, അല്ലെങ്കിൽ വാങ്ങുന്ന സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യാൻ സിഎഫ്ഐഎ നിർദ്ദേശിക്കുന്നു. തിരിച്ചുവിളിച്ച സവാളയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് കാനഡയിൽ ഇത് വരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിഎഫ്ഐഎ അറിയിച്ചു.

സാൽമൊണല്ല ബാക്ടീരിയ ബാധ കൊണ്ട് മലിനമായ ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുർഗന്ധം ഉണ്ടാവുകയോ ഇല്ല. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് സാൽമൊണല്ല വിഷബാധയുടെ ലക്ഷണങ്ങൾ. കടുത്ത സന്ധിവാതം സാൽമൊണല്ല മൂലം ഉണ്ടാകാവുന്നതാണ്. സാൽമൊണെല്ല വിഷബാധയുടെ ഫലമായി കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ തുടങ്ങിയവർക്ക് ഗുരുതരമായതും ചിലപ്പോൾ മാരകവുമായ അണുബാധകൾ ഉണ്ടാക്കാമെന്ന് സിഎഫ്ഐഎ അറിയിച്ചു.