ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ 

By: 600007 On: Nov 9, 2021, 7:49 PM

അന്തരീക്ഷ മലിനീകരണ സൂചിക 500 കടന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം കൂട്ടുന്ന ക്രഷര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടക്കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു. ക്രഷര്‍ യൂണിറ്റ്, ഇഷ്ടിക ചൂള, ടാര്‍ മിക്‌സിംഗ് പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും താല്കാലികമായി നിര്‍ത്തണം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കുറയ്ക്കണം, പ്രകൃതി വാതകം ഉപയോഗിച്ച് ഉല്‍പാദനം കൂട്ടണം തുടങ്ങിയ കാര്യങ്ങളും ബോര്‍ഡ് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നോയിഡ, ഗാസിയാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മലിനീകരണ തോത് 500 ന് മുകളിലാണ്. അതേസമയം ഡല്‍ഹിയിലെ വായുനില ചെറിയ തോതില്‍ മെച്ചപ്പെട്ടു. ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടുത്തിയത്. ഡല്‍ഹിയിലെ ആകെ വായുനിലവാര സൂചിക 372 ആയി. എന്നാല്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് യമുനാ നദിയില്‍ രൂപപെട്ട വിഷപ്പത തുടരുകയാണ്. ജലത്തില്‍ അമോണിയത്തിന്റെ അളവ് കൂടിയതാണ് വിഷപ്പതയുണ്ടാകാന്‍ കാരണം.

Content Highlights: central pollution control board with recommendations to reduce air pollution