വിദേശ ജോലിക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനവുമായി സൗദി അറേബ്യ. തൊഴില്‍ വിസക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുകയാണ് സൗദി. ഇതുസംബന്ധിച്ച
നടപടിക്രമം തയ്യാറാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് കരാറുകള്‍ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണം. അതായത് തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ. സൗദിയിലെത്തിയ ശേഷം വിദേശികള്‍ സ്ഥാപനവും സ്‌പോണ്‍സര്‍ഷിപ്പും മാറാറുണ്ട്. അതിന് നിലവിലുള്ള രീതി തന്നെ തുടരും. ശമ്പളവും തൊഴിലവകാശവും അടക്കമുള്ള കാര്യങ്ങളില്‍ തര്‍ക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും.
നിലവിലെ ചട്ടമനുസരിച്ച് തൊഴില്‍ കരാര്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കരാര്‍ കാലാവധിയും ഇതിലുണ്ടാകണം. ശമ്പളം വൈകുക, തൊഴില്‍ അവകാശം ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ രേഖയാണ് പരിശോധിക്കുക.
Content Highlights: in saudi arabia work visa makes employment contract mandatory