ജനപ്രിയ ഓൺലൈൻ ഡേറ്റിംഗ് ആപ്പായ 'ഗ്രൈൻഡർ' ദുരുപയോഗം ചെയ്ത് ആളുകളെ തന്ത്രപരമായി വിജനമായ സ്ഥലങ്ങളിലേക്ക് വിളിപ്പിച്ചു വരുത്തി ക്രൂരമായി ആക്രമിക്കുന്ന കൗമാരക്കാരുടെ സംഘത്തിനെതിരെ മുന്നറിയിപ്പുമായി നോർത്ത് വാൻകൂവർ ആർ.സി.എം.പി . വ്യാജ അക്കൗണ്ടുകൾ വഴി സൗഹൃദം സ്ഥാപിച്ച് നേരിട്ട് കൂടിക്കാഴ്ചയ്ക്കായി ഇരകളെ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ച ശേഷമാണ് ആക്രമണം നടത്തുന്നത്. ഇരകൾ എത്തുമ്പോൾ കാത്തുനിൽക്കുന്ന 16 നും 20 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ സംഘം ഇവരെ ക്രൂരമായി മർദ്ദിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും വാഹനങ്ങൾക്ക് ഭാരമേറിയ വസ്തുക്കൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നടന്ന മൂന്ന് വ്യത്യസ്‌ത ആക്രമണങ്ങളിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 27, 31 തീയതികളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഇരകളുടെ പരാതി പ്രകാരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഓഗസ്റ്റ് 29-ന് ഒരു സ്‌കൂൾ പരിസരത്തു വച്ച് സമാനമായ രീതിയിൽ നടന്ന മൂന്നാമതൊരു അക്രമ സംഭവത്തെക്കുറിച്ച് അധികൃതർക്ക് നിർണായക വിവരം ലഭിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത വിദ്വേഷ കുറ്റകൃത്യങ്ങളാണോ ഇവയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് നോർത്ത് വാൻകൂവർ ആർ.സി.എം.പിയുടെ സീരിയസ് ക്രൈംസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അപരിചിതരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾക്ക് ഇരയായവർ ഭയം കൂടാതെ പരാതി നൽകാൻ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു. പ്രദേശത്തുനിന്ന് സംഭവദിവസങ്ങളിലെ സംശയാസ്പദമായ ഡാഷ്‌ക്യാം അല്ലെങ്കിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ ലഭ്യമായിട്ടുള്ളവർ വിവരം ഉടൻ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.