ലിഥിയം-അയൺ ബാറ്ററികൾ ഉയർത്തുന്ന തീപിടുത്ത ഭീഷണി: മുന്നറിയിപ്പുമായി എഡ്മൻ്റൺ ഫയർ റെസ്ക്യൂ സർവീസസ്

By: 600110 On: Oct 3, 2026, 1:21 PM

സ്മാർട്ട്‌ഫോണുകൾ, ലാപ്‌‌ടോപ്പുകൾ, ഇ-ബൈക്കുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ സുരക്ഷിതമായ ഉപയോഗവും സംസ്കരണവും ഉറപ്പാക്കണമെന്ന് എഡ്മൻ്റൺ ഫയർ റെസ്ക്യൂ സർവീസസ്  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗുണനിലവാരമില്ലാത്ത ചാർജിംഗ് രീതികളും കേടായ ബാറ്ററികളുടെ ഉപയോഗവും വലിയ തീപിടുത്തങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അഗ്നിശമന സേന ചൂണ്ടിക്കാട്ടി. ഉപകരണങ്ങൾ പൂർണ്ണമായി ചാർജ് ആയ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും, ചാർജിംഗിനിടെ അമിതമായ ചൂട്, പുക, അല്ലെങ്കിൽ വീക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉപകരണത്തിന്റെ ഉപയോഗം ഉടൻ നിർത്തണമെന്നും EFRS നിർദ്ദേശിക്കുന്നു.

തീപിടുത്ത അപകടങ്ങൾ ഒഴിവാക്കാൻ കമ്പനി അംഗീകരിച്ച ഒറിജിനൽ ചാർജറുകളും സുരക്ഷിതമായ കേബിളുകളും മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ബെഡ്, സോഫ തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ മുകളിൽ വച്ചോ രാത്രി മുഴുവൻ ചാർജിംഗിന് ഇട്ടോ ഉപകരണങ്ങൾ ഉപയോഗിക്കരുത്; പകരം ചൂട് പുറന്തള്ളാൻ കഴിയുന്ന കട്ടിയുള്ളതും സമനിരപ്പായതുമായ പ്രതലങ്ങളിൽ വച്ച് ചാർജ് ചെയ്യണം. ഇ-ബൈക്കുകൾ ഉൾപ്പെടെയുള്ള വലിയ ഉപകരണങ്ങൾ വീടിന് പുറത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ വച്ച് ചാർജ് ചെയ്യാനും EFRS നിർദ്ദേശിച്ചു.

പഴകിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ ലിഥിയം-അയൺ ബാറ്ററികൾ സാധാരണ വീട്ടുമാലിന്യങ്ങൾക്കൊപ്പമോ പുനരുപയോഗ ബിന്നുകളിലോ തള്ളുന്നത് ഗുരുതരമായ അപകടഭീഷണി ഉയർത്തുന്നു. അതിനാൽ ഇത്തരം ഇ-മാലിന്യങ്ങൾ നഗരസഭയുടെ അംഗീകൃത ഇക്കോ സ്റ്റേഷനുകളിൽ  മാത്രം കൈമാറി ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ഫയർ റെസ്ക്യൂ സർവീസ് ഓർമ്മിപ്പിച്ചു.