മയക്കുമരുന്ന് ഇടപാടുകാരനായ ഇന്ത്യൻ വംശജനെതിരെ കൂടുതൽ ആയുധക്കുറ്റങ്ങൾ ചുമത്തി പീൽ പോലീസ്

By: 600110 On: Oct 3, 2026, 5:28 AM

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യൻ വംശജനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി പീൽ റീജിയണൽ പോലീസ്.പ്രതിയുടെ വീട്ടിൽ നടത്തിയ തുടർപരിശോധനയിൽ രണ്ട് അനധികൃത തോക്കുകളും വെടിയുണ്ടകളും കൂടി കണ്ടെടുത്തതിനെ തുടർന്നാണിത്.

ഓഗസ്റ്റ് 10-ന് പുലർച്ചെ സെഡാർബ്രൂക്ക് റോഡ്, എഡ്ജ്‌വാട്ടർ കോർട്ട് ഭാഗത്ത് വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് തിര നിറച്ച കൈത്തോക്കുമായി മൂന്ന് പേർ പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് പ്രതികളിലൊരാളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് 9 എം.എം ഹാൻഡ്ഗണും  റൈഫിളും ഒപ്പം നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു.

ആൽബെർട്ടയിലെ ഇന്നീസ്ഫെയിൽ സ്വദേശിയായ നവജ്യോത് സിംഗ്  എന്നയാൾക്കെതിരെയാണ് ഇപ്പോൾ വീണ്ടും കേസെടുത്തിരിക്കുന്നത്. തോക്കുകളും വെടിയുണ്ടകളും അലക്ഷ്യമായി സൂക്ഷിക്കൽ, അനുമതിയില്ലാതെ തോക്ക് കൈവശം വെക്കൽ, ജാമ്യവ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്. മുൻപ് പിടിയിലായ സമയത്തും രേഖകളില്ലാതെ ആയുധം കൈവശം വെച്ചതിനും സീരിയൽ നമ്പർ മായ്ച്ചതിനും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമടക്കം ഏഴ് കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു.

2024-ൽ, നാല് മില്യൺ ഡോളറിൻ്െ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സിംഗ് കുറ്റക്കാരനാണെന്ന വിധി ആൽബെർട്ട കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചിരുന്നു. 2022-ൽ കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാൻ ഇയാൾ അധികാരികൾക്ക് മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. നിയമവിരുദ്ധമായ തോക്കുകൾ പിടിച്ചെടുത്ത 21 ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ഡെപ്യൂട്ടി ചീഫ് മാർക്ക് ആൻഡ്രൂസ് അഭിനന്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 905-453-2121 (ext. 2133) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.