യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ കാനഡ

By: 600110 On: Oct 3, 2026, 5:21 AM

 

യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് എക്സ്പോർട്ട് ഡെവലപ്‌‌മെൻ്റ് കാനഡ (EDC) യൂറോപ്പിൽ മൂന്ന് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു. ഇതിൽ രണ്ടെണ്ണം ഈ വർഷവും മൂന്നാമത്തേത് 2027-ലും പ്രവർത്തനം ആരംഭിക്കുമെന്ന് ഫെഡറൽ എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസിയായ ഇ.ഡി.സി അറിയിച്ചു.

ഫ്രാൻസിലും സ്വീഡനിലുമാണ് ഈ വർഷം പുതിയ ഓഫീസുകൾ വരുന്നത്. പോളണ്ടിലെ ഓഫീസ് 2027-ൽ യാഥാർത്ഥ്യമാകും. ബ്രിട്ടൻ, ജർമ്മനി, തുർക്കി എന്നിവിടങ്ങളിൽ നിലവിലുള്ള ഓഫീസുകൾക്ക് പുറമെയാണിത്. യൂറോപ്പിലെ നിക്ഷേപകരുമായും വ്യവസായികളുമായും ധനകാര്യ സ്ഥാപനങ്ങളുമായും കനേഡിയൻ വ്യാപാരികൾക്ക് എളുപ്പത്തിൽ ബന്ധപ്പെടാനും പുതിയ വിപണികൾ കണ്ടെത്താനും ഈ നീക്കം സഹായിക്കും. 2035 എത്തുമ്പോഴേക്കും യൂറോപ്പിലേക്കുള്ള ചരക്ക് കയറ്റുമതി 104 ബില്യൺ ഡോളറും സേവന കയറ്റുമതി 41 ബില്യൺ ഡോളറുമായി ഉയർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാരപ്പോര് കനക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നീക്കം. ഇതിൻ്റെ ഭാഗമായാണ് യൂറോപ്പുമായുള്ള സൗഹൃദം കാനഡ കൂടുതൽ ദൃഢമാക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടരുത് എന്നതടക്കമുള്ള യു.എസിൻ്റെ കടുത്ത നിർബന്ധങ്ങളെ തുടർന്ന് ഓഗസ്റ്റിൽ നടന്ന ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതിന് പ്രതികാരമായി കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഇറക്കുമതി നിയന്ത്രണങ്ങളും അധിക നികുതിയും ഏർപ്പെടുത്തുകയും ചെയ്തു.

കാനഡ-യൂറോപ്യൻ യൂണിയൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CETA) ഒപ്പുവെച്ച ശേഷം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 75 ശതമാനത്തോളം വർധനവുണ്ടായതായി അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു പറഞ്ഞു. എങ്കിലും ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോളണ്ട് തുടങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങൾ ഈ കരാറിന് സ്വന്തം പാർലമെൻ്റുകളിൽ ഇനിയും പൂർണ്ണമായ അംഗീകാരം നൽകിയിട്ടില്ല.

അതേസമയം, വിപണിയിലെ ചാഞ്ചാട്ടങ്ങൾ മറികടക്കാൻ നിർണായക ധാതുക്കളുടെ  സംയുക്ത ശേഖരം ഉണ്ടാക്കുന്നതുൾപ്പെടെയുള്ള വിപുലമായ പങ്കാളിത്ത കരാർ കാനഡയും യൂറോപ്യൻ യൂണിയനും ഉടൻ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഊർജ്ജ മേഖലയിലെ സഹകരണം, സൈനിക-പ്രതിരോധ പങ്കാളിത്തം, കാട്ടുതീ പ്രതിരോധത്തിന് വാട്ടർ ബോംബർ വിമാനങ്ങൾ വാങ്ങൽ തുടങ്ങിയവയും ഇതിൻ്റെ ഭാഗമാകും. യൂറോപ്യൻ യൂണിയൻ്റെ ആദ്യ 'അസോസിയേറ്റ് അംഗമായി' കാനഡയെ ഉയർത്താമെന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ്റെ നിർദ്ദേശം നിലനിൽക്കെയാണ് കാനഡയുടെ ഈ നിർണായക നീക്കം.